തൊടുപുഴ: ഷോർട്ട് ഫിലിമുകളിൽ ഷോർട്ടല്ലാത്ത ഇടം നേടി തൊടുപുഴക്കാരനായ യുവാവിന്റെ ജൈത്രയാത്ര തുടരുന്നു. തൊടുപുഴ അരിക്കുഴ സ്വദേശിയായ നകുൽ നൈജോയുടെ (22) നേതൃത്വത്തിലുള്ള ഒരു കൂട്ടം യുവാക്കളാണ് സിനിമയെ വെല്ലുന്ന ഷോർട്ട്ഫിലിമുകളെടുത്ത് അഭിമാനമായി മാറുന്നത്. ഇതുവരെ മൂന്ന് ഷോർട്ട് ഫിലിമുകളാണ് സംഘം ചെയ്തിട്ടുള്ളുവെങ്കിലും ഇതിനകം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടു. നകുൽ സംവിധാനം ചെയ്ത 'നാഗം' എന്ന മ്യൂസിക്കൽ ആൽബം രണ്ട് പ്രമുഖ അവാർഡുകൾ കരസ്ഥമാക്കി മികച്ച അഭിപ്രായം നേടി. തൊട്ടുതീണ്ടായ്മയുടെ കാലത്ത് താഴ്ന്ന ജാതിക്കാർ ശാസ്ത്രീയ നൃത്തം പഠിച്ചാലുണ്ടാകാവുന്ന പ്രശ്നങ്ങൾ ആവിഷ്കരിച്ചഹ്രസ്വചിത്രത്തിന് ഒ.ബി.എം ലോഹിതദാസ് ഫിലിം അവാർഡും തിരുവനന്തപുരം ഐ.എഫ്.എം അവാർഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ 'ഏഴാം രാവ്" എന്ന പേരിൽ മറ്റൊരു ഷോർട്ട് ഫിലിമുമായി സംഘം രംഗത്തെത്തിയിരിക്കുകയാണ്. അവനീർ ടെക്നോളജീസിന്റെ ബാനറിൽ ഇർഷാദ് എം. ഹസനാണ് നിർമാണം. പൗരാണിക കാലത്തെ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ജോണറിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നകുലാണ്. യുട്യൂബിൽ നാല് ദിവസം മുമ്പ് നടൻ ഉണ്ണി മുകുന്ദനാണ് ചിത്രത്തിന്റെ ലോഞ്ചിംഗ് നിർവഹിച്ചത്. നടി അനു സിതാരയും സംവിധായകൻ ഒമർ ലുലുവും ഇത് തങ്ങളുടെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഷോർട്ട്ഫിലിമിന്റെ ഛായാഗ്രഹണം അഖിൽ കൃഷ്ണയാണ് നിർവഹിച്ചിരിക്കുന്നത്. ജുവൽ വി. സുകുമാരനാണ് സംഗീതസംവിധാനം. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ജോബി എം. ജോസാണ്. ഡാനിറ്റ് ജോർജ് അസോസിയേറ്റ് ഡയറക്ടറും നടനുമാണ്. എൻ.എസ്. അഭിജിതാണ് രചന.
ഇപ്പോൾ പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ കോളേജിൽ എൽ.എൽ.ബി അവസാന വർഷ വിദ്യാർത്ഥിയായ നകുൽ രണ്ട് വർഷം മുമ്പ് മൂവാറ്റുപുഴ നിർമല കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ ഷോർട്ട് ഫിലിമായ 'തേൻ മഴ" ചെയ്യുന്നത്. കാറ്റസ്ട്രോഫീസ് എന്ന ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഇതിന് പ്രചോദനം നൽകിയത്. ഇപ്പോഴും ശക്തമായ ഈ കൂട്ടായ്മ ഷോർട്ട് ഫിലിം സ്വപ്നങ്ങളുമായി നടക്കുന്നവരെ സഹായിക്കുന്നുണ്ടെന്നും നകുൽ പറയുന്നു. സിനിമയാണ് എല്ലാവരുടെയും സ്വപ്നം. അരിക്കുഴ പള്ളിത്തറ നൈജോയുടെയും സിനിയുടെയും മൂത്തമകനാണ് നകുൽ. പ്ലസ്‌വൺ വിദ്യാർത്ഥിയായ നിള സഹോദരിയാണ്.