തൊടുപുഴ: മൂലമറ്റം മേഖലയിലുള്ള കനാലിൽ വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കെ എസ് ഇ ബി പദ്ധതി തയ്യാറാക്കുന്നു.മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് വൈദ്യുതി ഉല്പാദനത്തിന് ശേഷം പുറം തള്ളുന്ന വെള്ളം ഒഴുക്കുന്നത് മൂലമറ്റം ടൗണിന് മദ്ധ്യത്തിലൂടെ നിർമ്മിച്ചിട്ടുള്ള കനാലിലൂടെയാണ്.വൈദ്യുതി നിലയത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കനാലിലൂടെയുള്ള വെള്ളത്തിന്റെ അളവും ഒഴുക്കിന്റെ ശക്തിയും കൂടുന്നതും കുറയുന്നതും.ഒരു മുന്നറിയിപ്പും ഇല്ലാതെ അപ്രതീക്ഷിതമായി കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുമ്പോഴാണ് അപകടങ്ങൾ ഏറുന്നത്.പ്രദേശ വാസികളും വിദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരും കനാലിലെ വെള്ളത്തിൽ ഇറങ്ങി കുളിക്കുന്നതും കൈകലുകൾ നനക്കുന്നതും പതിവാണ്. ഇത്തരം അവസ്ഥയിൽ ചില സമയങ്ങളിൽ പെട്ടന്ന് വെള്ളത്തിന്റെ അളവ് ക്രമതീതമായി ഉയരും.കനാലിൽ ഇറങ്ങി നിൽക്കുന്ന പരിചയമില്ലാത്ത ആളുകൾക്ക് വെള്ളത്തിന്റെ അളവ് പെട്ടന്ന് ക്രമാതീതമായി ഉയരുന്നത് അറിയാൻ കഴിയാറുമില്ല.ഇതിന് പരിഹാരമായിട്ടാണ് വൈദ്യുതി വകുപ്പ് അപകട രഹിത കനാലിനായി പദ്ധതി തയ്യാറാക്കുന്നത്.
അപകടത്തിൽപ്പെട്ടത്
നിരവധി ആളുകൾ.......
കഴിഞ്ഞ ദിവസം അരുൺ എന്ന യുവാവ് കനാലിലെ ഒഴുക്കിൽപ്പെട്ട് മരിച്ചതുൾപ്പെടെ നിരവധി ആളുകൾക്ക് അപകടം സംഭവിച്ചിട്ടുണ്ട്.കനാലിൽ വസ്ത്രം കഴുകിക്കൊണ്ടിരുന്ന സ്ത്രീ പെട്ടന്ന് വെള്ളം ഉയർന്നത്തോടെ ഒഴുക്കിൽ പ്പെട്ട് മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
പുതിയ പദ്ധതി.......
വിനോദ സഞ്ചരികളെ ആകർഷിച്ച് കെ എസ് ഇ ബി ക്ക് വരുമാനം ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.ആദ്യ ഘട്ടത്തിൽ വൈദ്യുതി നിലയത്തിലെ ജനറേറ്ററുകൾ പൂർണ്ണമായും പ്രവർത്തിപ്പിക്കുന്നതിന് മുൻപ് അലാറം മുഴക്കുകയും കനാലിന് അരികിൽ സ്ഥാപിക്കുന്ന സിഗ്നൽ ലൈറ്റുകൾ തെളിക്കുന്ന സംവിധാനവും ഏർപ്പെടുത്തും. ആളുകൾ ഇവിടെ ഇറങ്ങുന്നത് തടയുന്നതിന് കനാലിന് ഇരുവശവും വേലികെട്ടി,അപകട സാധ്യതാ മേഖലകളിൽ സുചനാ ഫലകങ്ങൾ സ്ഥാപിക്കും.ടുറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കനാലിന് ചുറ്റും പാർക്ക് നിർമ്മിക്കുക.പാർക്കിനോട് അനുബന്ധിച്ച് കനാലിന് കുറുകെ വിവിധ ഇടങ്ങളിൽ തൂക്കുപാലങ്ങൾ, നടപ്പാത,കുട്ടികൾക്കുള്ള പാർക്ക്,പൂന്തോട്ടം എന്നിവയും സ്ഥാപിക്കും.കനാലിന് ഇരുവശവും പാർക്കിലും വൈദ്യുത ദീപങ്ങൾ സ്ഥാപിച്ച് കനാൽ സംരക്ഷിത മേഖലയാക്കും.പദ്ധതിയുടെ നടത്തിപ്പിന് അറക്കുളം പഞ്ചായത്തിന്റെ സഹകരണം വൈദ്യുതി ബോർഡ് ഉറപ്പാക്കും . വൈദ്യുതി ബോർഡ് ചീഫ് സേഫ്റ്റി കമ്മീഷണറേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്.