ഇടുക്കി: വണ്ടിപ്പെരിയാർ പച്ചക്കാനത്തെ ബൂത്തിൽ പോളിംഗ് ആരംഭിച്ചാൽ അരമണിക്കൂറിനകം മുഴുവൻ വോട്ടും പെട്ടിയിലാകും. കാരണം ഇവിടെ ആകെ 29 വോട്ടർമാരാണുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും ചെറിയ പോളിംഗ് ബൂത്തുകളിലൊന്നാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പച്ചക്കാനം ബൂത്ത്. കുമളി പഞ്ചായത്തിലെ തേക്കടി വാർഡിന്റെ ഭാഗമാണിത്. പച്ചക്കാനം ബൂത്തിലെത്തണമെങ്കിൽ വള്ളക്കടവ്- വണ്ടിപ്പെരിയാർ വഴി 35 കലോമീറ്റർ സഞ്ചരിക്കണം. പോളിംഗിനുള്ള ഉദ്യോഗസ്ഥർ തലേദിവസം തന്നെ സ്ഥലത്തു പോയി ക്യാമ്പു ചെയ്യുകയാണ് പതിവ്. പ്രദേശത്തെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തമിഴ് വംശജരാണ് പച്ചക്കാനം ബൂത്തിലെ വോട്ടർമാർ. ഇവരിൽ ഭൂരിഭാഗവും ഇപ്പോൾ തമിഴ്‌നാട്ടിലാണ്. സാധാരണയായി അഞ്ചോ ആറോ പേർ മാത്രമാണ് വോട്ടു ചെയ്യാനെത്തുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് വെരിഫിക്കേഷമൻ എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ അതിത് സഞ്ജയ് ഗൗരവ് ഉൾപ്പെട്ട സംഘം വെള്ളിയാഴ്ച പച്ചക്കാനം പോളിംഗ് ബൂത്ത് സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി.
എണ്ണം കുറയുന്നു
ഓരോ തവണയും വോട്ടർമാരുടെ എണ്ണം കുറയുന്ന പ്രവണതയാണ് പച്ചക്കാനം ബൂത്തിനുള്ളത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ വോട്ടർമാരായ 37 പേരിൽ ആറുപേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആകെയുള്ള 32 വോട്ടർമാരിൽ ഒമ്പത് പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. തുടർച്ചയായി വോട്ടർമാരുടെ എണ്ണം കുറയുമ്പോഴും പുതുതായി ഒരു വോട്ടർ പേരു ചേർത്തുവെന്ന പുതുമയും പച്ചക്കാനം ബൂത്തിനുണ്ട്. 20 വയസുകാരിയായ പെൺകുട്ടിയാണ് പുതുതായി പേരു ചേർത്തത്. ഇതോടെയാണ് മൊത്തം വോട്ടർമാരുടെ എണ്ണം 29 ആയത്.