തൊടുപുഴ: സമാനതകളില്ലാതെ കാടും നാടുമിളക്കി മൂന്ന് മുന്നണികളും ഒരു മാസത്തോളം നടത്തിയ ശബ്ദ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ഏഴോടെ സമാപനമാകും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം പിറ്റേന്ന് ആരെ നിയമസഭയിലേക്ക് അയക്കണമെന്ന് പ്രബുദ്ധരായ ജില്ലയിലെ ജനത വിധിയെഴുതും. കൊവിഡ് നിയന്ത്രണങ്ങളോടെയുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. നിയന്ത്രണങ്ങൾക്കിടയിലും പ്രചാരണത്തിന് മുന്നണികൾ ഒരു കുറവും വരുത്തിയില്ല. വലിയ കൺവെൻഷനുകളും റോഡ് ഷോകളും ബൈക്ക് റാലികളും ഫ്ലാഷ് മോബും എല്ലാം അരങ്ങേറി. നേതാക്കളുടെ വൻപട തന്നെ മലയോരത്തെത്തി വോട്ട് ചോദിച്ച് മടങ്ങി. യു.ഡി.എഫിന് വേണ്ടി രാഹുൽ ഗാന്ധിയും ഉമ്മൻചാണ്ടിയും വന്നു. അവസാനദിവസമായ ഇന്ന് രമേശ് ചെന്നിത്തല ഇന്ന് ജില്ലയിലുണ്ട്. എൽ.ഡി.എഫിന് വേണ്ടി വൃന്ദ കാരാട്ടും ഡി. രാജയും പിണറായി വിജയനുമടക്കമുള്ള നേതാക്കളെത്തി പ്രചാരണം കൊഴിപ്പിച്ചപ്പോൾ എൻ.ഡി.എയ്ക്ക് വേണ്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ തന്നെ എത്തിയത്. ഇത് കൂടാതെ മുക്കിലും മൂലയിലും വരെ പടുകൂറ്റൻ കട്ടൗട്ടറുകളും ഫ്ലക്സ് ബോർഡുകളും നിറഞ്ഞുകഴിഞ്ഞു. കേന്ദ്ര സംസ്ഥാന പ്രാദേശിക നേതാക്കളും പ്രവർത്തകരും കളം നിഞ്ഞപ്പോൾ മീനച്ചൂടിനെയും വെല്ലുന്ന ആവേശച്ചൂടിലായി നാടെങ്ങും. വർണത്തൊപ്പികൾ, കലാജാഥകൾ, കോർണർ യോഗങ്ങൾ, തെരുവ് നാടകങ്ങൾ, പാരഡി ഗാനങ്ങൾ എന്നിവ കോർത്തിണക്കിയായിരുന്നു മുന്നണികളുടെ പ്രചാരണം. ശബ്ദപ്രചാരണം ഇന്ന് അവസാനിക്കമ്പോൾ കലാശക്കൊട്ടോ റോഡ് ഷോയോ ബൈക്ക് റാലിയോ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. ബൈക്ക് റാലിയും നിരോധിച്ചു. മൈക്ക് അനൗൺസ്‌മെന്റും പ്രകടനവും നടത്തിയാവും പ്രചാരണം അവസാനിപ്പിക്കുക. നിശബ്ദ പ്രചാരണത്തിൽ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ വോട്ട് മറിക്കാനാകും മുന്നണികൾ മത്സരിക്കുക. പോളിംഗ് കേന്ദ്രങ്ങളോടുത്ത് നിശ്ചിത അകലം പാലിച്ച് മാത്രമേ രാഷ്ട്രീയ പാർട്ടികൾ ബൂത്ത് കെട്ടാൻ പാടുള്ളു. പോളിംഗ് സ്റ്റേഷന് പുറത്ത് വോട്ടുപിടുത്തവും പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുണ്ട്‌.