ഇടുക്കി: നിയമസഭ ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് ജില്ലയിലെ പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ഇലക്ഷൻ നോഡൽ ഓഫീസറായ അഡീഷണൽ എസ്.പി. എസ്. സുരേഷ് കുമാർ, 11 ഡിവൈ.എസ്പിമാർ, 42 സി. ഐ മാർ, 184 സബ് ഇൻസ്‌പെക്ടർമാർ, 1599 പൊലീസ് ഉദ്യോഗസ്ഥർ, 250 കേന്ദ്ര സേനാംഗങ്ങൾ, 625 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലുടനീളം 85 ഓളം ഗ്രൂപ്പ് പട്രോളിംഗ് സംഘവും 60 ലോ ആൻഡ് ഓർഡർ പട്രോളിംങ് സംഘവും പ്രവർത്തിക്കും. ഇത് കൂടാതെ ജില്ലയിൽ ആറ് ഇലക്ഷൻ സബ്ഡിവിഷൻ ആയി തിരിച്ച് ഓരോ സബ് ഡിവിഷനിലും ഓരോ ഡിവൈ.എസ്പി മാർക്ക് ചുമതല കൊടുത്ത് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കൂടാതെ സംസ്ഥാന പൊലീസ് മേധാവി, എഡിജിപി ലോ ആൻഡ് ഓർഡർ, ഐജിപി സൗത്ത് സോൺ, ഡിഐജി എറണാകുളം റേഞ്ച്, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ സബ്ഡിവിഷൻ തലത്തിൽ വിന്യസിച്ചുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിലും ലൊക്കേഷനുകളിലും ജില്ലാ പൊലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. വീഡിയോ റെക്കോർഡിങ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി അറിയിച്ചു.
1292 ബുത്തുകളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചു:
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വരണാധികാരി എച്ച് ദിനേശൻ അറിയിച്ചു. ജില്ലയിൽ ആകെയുള്ള 1292 ബുത്തുകളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവർക്കാവശ്യമായ ട്രെയിനിംഗ് പൂർത്തിയാക്കി, വാഹന സൗകര്യവും ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. വോട്ടിംഗ് മെഷീനുമായി പോകുന്ന സെക്ട്രൽ ഓഫീസർമാരെ നിരീക്ഷിക്കാൻ ഇട്രേസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 562 ബുത്തുകളിൽ വെബ്കാസ്റ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പരീക്ഷണവും വിജയകരമായി പൂർത്തികരിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പോളിംഗ് ദിവസം വൈകിട്ട് ആറു മണി മുതൽ ഏഴു മണി വരെ മറ്റ് വോട്ടർമാർ പോയ ശേഷം കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനും അവസരമുള്ളതായി ജില്ലാ വരണാധികാരി അറിയിച്ചു.