ഇടുക്കി: ദേവികുളം, ഉടുമ്പൻചോല നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ നരേഷ് കുമാർ ബൻസാൽ ജീവനക്കാരോട് തന്റെ ഷൂ പോളിഷ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും അടിമപണി ചെയ്യിക്കുന്നുവെന്നും പരാതി. മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ചൂണ്ടിക്കാണിച്ചാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കളക്ടർക്കും ദേവികുളം, ഉടുമ്പൻചോല വാരണാധികാരികൾക്കും ഉദ്യോഗസ്ഥന്മാർ പരാതി നൽകിയത്. വീഡിയോ സർവൈലൻസ് ടീമിനു അനുവദിച്ച വാഹനം പിടിച്ചെടുത്തു നരേഷ് കുമാർ ബൻസാലും കുടുംബവും മധുരയിലേക്കു പോയെന്നും ജീവനക്കാർ കാൽനടയായി ജോലി പൂർത്തിയാക്കേണ്ടി വന്നെന്നും പരാതിയിൽ പറയുന്നു. നിരീക്ഷകനും കുടുംബത്തിനും ജീവനക്കാരുടെ പണം കൊണ്ടു ഭക്ഷണം വാങ്ങി നൽകിയെന്നും സുഗന്ധ വ്യജ്ഞനങ്ങൾ മുതൽ ഇളനീരുവരെ വാങ്ങാൻ പണം തങ്ങൾ നൽകിയെന്നുമാണ് ആരോപണം. ഗവ. ഗസ്റ്റ് ഹൗസിൽ ഒരുക്കിയ താമസം പ്രദേശത്തെ മറ്റൊരു റിസോർട്ടിലേക്കു മാറ്റണമെന്നും നിരീക്ഷകൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ദേവികുളം ആർ.ഡി.ഒ ആഫീസിലെ ഉന്നത ഉദ്യോഗസ്ഥനോടു മീറ്റിങ്ങിനിടെ ജെൽ പേന വാങ്ങി നൽകാൻ ആജ്ഞാപിച്ചു. കേരളത്തിന്റെ സംസ്‌കാരത്തെയും ഭാഷയെയും അധിക്ഷേപിച്ചു. രാഷ്ട്രീയ പക്ഷപാതം ലക്ഷ്യമിട്ടു കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയെ താഴ്ത്തിക്കെട്ടി സംസാരിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.