തൊടുപുഴ: പരസ്യ പ്രചാരണത്തിന്റെ കലാശകൊട്ട് നേരത്തെയാക്കി എൻ.ഡി.എ. .
പാട്ടിനും നൃത്തത്തിനുമൊപ്പം വാദ്യമേളക്കാർക്കൊപ്പം സ്വയം കൊട്ടിയുമാണ് എൻ.ഡി.എ.സ്ഥാനാർത്ഥി ശ്യാംരാജ് ശനിയാഴ്ച തന്നെ മണ്ടല പര്യടനത്തിന്റെ കലാശം നടത്തിയത്.

തൊടുപുഴ നഗരത്തോട് ചേർന്നു കിടക്കുന്ന മണക്കാട് പഞ്ചായത്തിലായിരുന്നു സ്ഥാനാർത്ഥി പി.ശ്യാംരാജ് അവസാന വട്ട മണ്ഡല പര്യടനം പൂർത്തിയാക്കിയത്. പരസ്യ പ്രചരണ വാഹനങ്ങൾക്കൊപ്പം പാർട്ടി പതാകകൾ കെട്ടിയ ഇരു ചക്ര വാഹനങ്ങളുമായെത്തിയ പ്രവർത്തകരുടെ അകമ്പടിയോടെയുമായിരുന്നു പഞ്ചായത്തിലെങ്ങുമുള്ള പര്യടനം.മിക്കയിടങ്ങളിലും സ്വീകരണ സ്ഥലത്തിനു തൊട്ടുമുമ്പ് തുറന്ന വാഹനത്തിൽ നിന്നിറക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയായാണ് സ്ഥാനാർത്ഥിയെ സ്വീകരണ സ്ഥലത്തേക്കാനയിച്ചതു. മാലകൾക്കും ഷാളുകൾക്കും പുറമെ പൂക്കളിട്ടുമായിരുന്നു സ്വീകരണം.
തുറന്ന വാഹനത്തിലുള്ള മണ്ഡല പര്യടനം ശനിയാഴ്ച അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന എൻ.ഡി.എ.യും സ്ഥാനാർത്ഥി ശ്യാംരാജും അവസാനവട്ട പര്യടനം തന്നെ കലാശ കൊട്ടാക്കുകയായിരുന്നു. ഫ്‌ളാഷ് മോബിനൊപ്പം സ്ഥാനാർത്ഥിയും ഡാൻസ് ചെയ്ത് വോട്ടർമാരെ ആകർഷിച്ചു. സ്വീകരിക്കാൻ നിന്നിരുന്ന ചെണ്ടക്കാർക്കും ബാൻഡ് മേളക്കാർക്കുമൊപ്പം സ്ഥാനാർത്ഥിയും താളം കൊട്ടിയായിരുന്നു കലാശം. ഞായറാഴ്ച പരസ്യ പ്രചരണ വാഹനങ്ങൾ മണ്ഡലമെങ്ങും സഞ്ചരിക്കുമെങ്കിലും സ്ഥാനാർത്ഥിയ്യം പ്രവർത്തകരും നിശ്ശബ്ദ പ്രചാരണത്തിലായിരിക്കും.