chenni

മൂന്നാർ: അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഏപ്രിൽ, മേയ് മാസങ്ങളിൽ അമിത വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി ഉണ്ടാക്കിയ ഉടമ്പടിയുടെ രേഖകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അദാനിയുടെ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലനിൽക്കുന്നതിനാൽ അദാനിയുമായി ഹ്രസ്വകാല കരാറിൽ ഒപ്പുവയ്ക്കാതെ തത്തുല്യമായ ലെറ്റർ ഒഫ് അവാർഡ് (എൽ.ഒ.എ) നൽകുകയായിരുന്നുവെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി 15ന് അദാനി എന്റർപ്രൈസസിന്റെ അങ്കിത് റബാഡിയ എന്ന ഉദ്യോഗസ്ഥന് കെ.എസ്.ഇ.ബി കൊമേഴ്‌സ്യൽ ആന്റ് പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയറാണ് രേഖയിൽ

ഒപ്പിട്ട് നൽകി. ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ നാല് ഘട്ടങ്ങളിലായി യൂണിറ്റിന് 3.04 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാണ് ഉടമ്പടി. ഇടപാടിന് അനുമതി തേടി കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് കത്തെഴുതിയിരുന്നു. അദാനി ഉൾപ്പടെ മൂന്ന് കമ്പനികളുടെ കാര്യത്തിൽ കമ്മിഷൻ പൊതു ഹിയറിംഗും നടത്തി.

അഞ്ച് വർഷമായി കേരളം വൈദ്യുതി മിച്ച സംസ്ഥാനമാണെന്നാണ് കമ്മിഷൻ പറയുന്നത്. അങ്ങനെയെങ്കിൽ 3.04 രൂപയ്ക്ക് എന്തിന് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങി. 25 വർഷക്കാലം ഉയർന്ന വിലയ്ക്ക് കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയോടുള്ള സർക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്. പ്രധാനമന്ത്രിക്കും പിണറായിക്കും ഇടയിലെ പാലമായാണ് അദാനി പ്രവർത്തിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

തോമസ് ഐസക് മാലിന്യം

കേരളത്തിന് തോമസ് ഐസക് മാലിന്യമാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളാണ് കേരളം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നമെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ വിദഗ്ദ്ധനാണെന്ന് സ്വയം ചമഞ്ഞ് നടക്കുന്നയാളാണ് തോമസ് ഐസക്. നാലായിരം കോടിയുടെ കടമെടുത്തിട്ട് 5000 കോടിയുടെ മിച്ചം കാണിക്കുന്ന അദ്ഭുത വേലയാണ് അദ്ദേഹത്തിന്റേത്. മൂക്കറ്റം കടത്തിൽ നിൽക്കുന്ന സർക്കാർ,മിച്ചം പണം വച്ചിട്ടുണ്ടെന്ന് പറയുന്നത് ആരെ കളിപ്പിക്കാനാണ്. ധനകാര്യ മാനേജ്‌മെന്റിലെ വൈദഗ്ദ്ധ്യം കൊണ്ടാണ് ഇത്തവണ സീറ്റ് പോയതെന്ന് ചെന്നിത്തല പരിഹസിച്ചു.