ഇടുക്കി: റോഡ് ഷോകൾ കൊട്ടികലാശത്തിന് വഴിമാറിയപ്പോൾ പൊരിവെയിലും കനത്തചൂടും വകവയ്ക്കാതെ ഒരു മാസത്തോളം നീണ്ട നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ സമാപനം. പരസ്യ പ്രചാരണത്തിന്റെ അവസാനദിനം ആവേശം പകരാൻ പ്രതിപക്ഷനേതാവടക്കം ജില്ലയിലുണ്ടായിരുന്നുവെന്നതാണ് പ്രത്യേകത. ദേവികുളം, ഉടുമ്പഞ്ചോല മണ്ഡലങ്ങളിലെ റോഡ് ഷോകളിൽ ചെന്നിത്തല പങ്കെടുത്തു. ഇന്നലെ രാവിലെ മുതൽ ജില്ലയിലെ പ്രധാന നഗരങ്ങളിലും കവലകളിലും വിവിധ പാർട്ടി പ്രവർത്തകരുടെയും സ്ഥാനാർത്ഥികളുടെയും ഒഴുക്കായിരുന്നു. ഗ്രാമനഗര വ്യത്യാസമില്ലാതെ ജില്ലയിലെമ്പാടും തിരഞ്ഞെടുപ്പിന്റെ ലഹരിയിലായിരുന്നു പ്രവർത്തകർ. റോഡ് ഷോകളുമായി സ്ഥാനാർത്ഥികൾ രാവിലെ മുതൽ സജീവ സാന്നിദ്ധ്യമായിരുന്നു.
ഇന്ന് വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. പ്രമുഖ വ്യക്തികളെയും വിട്ടുപോയവരെയും കണ്ട് അവസാനവട്ട പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാകും ഇന്ന് സ്ഥാനാർത്ഥികളും അണികളും. ഗ്രാമീണ മേഖലകളിലെ വോട്ടർമാർ തങ്ങളുടെ വോട്ട് ആർക്കാണെന്ന് നേരത്തേ തന്നെ കണക്കുകൂട്ടിയ മട്ടാണ്. ഭൂരിഭാഗം പേരും അവരവരുടെ രാഷ്ട്രീയ ചായ്‌വും നിരീക്ഷണവും ഇതിനകം പ്രഖ്യാപിച്ചും കഴിഞ്ഞു. നവ വോട്ടർമാരുടെ ഒഴുക്കിനനുസരിച്ച് വിജയം ഉറപ്പാക്കാനാകുമെന്നാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തൽ. ആർക്ക് കുത്തണമെന്ന് ഇനിയും തീരുമാനിക്കാനിരിക്കുന്നവരെ തങ്ങളുടെ ഒപ്പം ചേർക്കാനും അടിയൊഴുക്കുകൾ തടയാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുക. നിശബ്ദ പ്രചാരണവും തീരുന്നതോടെ നാളെ രാവിലെ മുതൽ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തും. വോട്ടുകൾ തിരിച്ചറിയാനുള്ള സ്ലിപ്പുകളുടെ വിതരണം ഏതാണ്ട് എല്ലാ വാർഡുകളിലും പൂർത്തിയായിക്കഴിഞ്ഞു.