തൊടുപുഴ: കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നെങ്കിലും മുന്നണികളുടെ ആവേശത്തിന് തെല്ലും കുറവുണ്ടായില്ല. ഉടുമ്പഞ്ചോല മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയും വൈദ്യുതി മന്ത്രിയായ എം.എം. മണിയും റോഡ് ഷോയിലൂടെ പരസ്യപ്രചാരണത്തിന്റെ സമാപനം ആഘോഷമാക്കി. എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് മാധവന്റെ പ്രചാരണവും ഉഷാറായിരുന്നു.
തൊടുപുഴയിൽ എൽ.ഡി.എഫ് ശനിയാഴ്ചയും ഇന്നലെയും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് റോഡ് ഷോകൾ നടത്തിയിരുന്നു. കൊവിഡ് ബാധിതനായതിനാൽ സ്ഥാനാർത്ഥി കെ.ഐ. ആന്റണിക്ക് പങ്കെടുത്തില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ. ജോസഫും ശനിയാഴ്ച തന്നെ റോഡ് ഷോ നടത്തിയിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി പി. ശ്യാംരാജ് ഇന്നലെ തൊടുപുഴ മേഖലയിലെമ്പാടും ആവേശകരമായ റോഡ് ഷോയാണ് നടത്തിയത്.

ദേവികുളത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച റോഡ് ഷോ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാറിനും അണികൾക്കും ആവേശമായി. ആവേശകരമായ പ്രചാരണ പ്രവർത്തനങ്ങളാണ് എൽ.ഡി.എഫിന്റെ എ. രാജയും എൻ.ഡി.എയുടെ എസ്. ഗണേശനും ഇവിടെ സംഘടിപ്പിച്ചത്.
ഇടുക്കിയിൽ നാടിളക്കിയ റോഡ് ഷോയാണ് എൽ.ഡി.എഫിന്റെ റോഷി അഗസ്റ്റിനും എൻ.ഡി.എയുടെ സംഗീത വിശ്വനാഥനും നടത്തിയത്. യു.ഡി.എഫിന്റെ ഫ്രാൻസിസ് ജോർജിന്റെ സമാപന യോഗത്തിലും ചെന്നിത്തല എത്തിയത് ആവേശം വാനോളമുയർത്തി.
പീരുമേട്ടിൽ യു.ഡി.എഫിന്റെ സിറിയക് തോമസും എൽ.ഡി.എഫിന്റെ വാഴൂർ സോമനും എൻ.ഡി.എയുടെ ശ്രീനഗരി രാജനും രാവിലെ മുതൽ തന്നെ അണികളിൽ ആവേശം വിതറി വമ്പിച്ച പ്രചാരണമാണ് നടത്തിയത്.