ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തുകളിലും പോളിംഗ് സ്റ്റേഷനുകളിലും ശുചിത്വം ഉറപ്പാക്കുന്നതിന് ഹരിതകർമ്മ സേനാംഗങ്ങളുണ്ടാകും. 1292 പോളിംഗ്ബൂത്തുകളാണ് ജില്ലയിലുള്ളത്.എല്ലാ ബൂത്തുകളിലും ഇലക്ഷൻ ഹരിതമാക്കുന്നതിന് സംവിധാനമൊരുക്കിയതായി ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി .ജസീർ ,ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ഡോ. ഡി .എസ്. മധു എന്നിവർ അറിയിച്ചു.
.പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങൾ നീക്കുന്നതിന് നിയോഗിക്കപ്പെട്ടവർക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവയെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മാലിന്യ സംസ്‌കരണത്തിനും പരിപാലനത്തിനും പ്രത്യേക പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.


മാലിന്യങ്ങൾ തരം തിരിക്കും

ജൈവം, അജൈവം, ബയോ മെഡിക്കൽ എന്നിങ്ങനെ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കും. വോട്ടർമാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഗ്ലൗസ്സ് പ്രത്യേക ബിന്നുകളിലാകും ശേഖരിക്കുക. ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്..പേപ്പർ, പായ്ക്കിംഗ് കവറുകൾ, പ്ലാസ്റ്റിക്ക് തുടങ്ങിയ അജൈവ പാഴ് വസ്തുക്കൾ പ്രത്യേകം ബിന്നുകളിൽ ശേഖരിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ എം സി എഫിലേയ്ക്ക് മാറ്റും. ശേഖരിക്കപ്പെട്ട മാലിന്യങ്ങൾ പോളിംഗ് ദിവസംതന്നെ യഥാസ്ഥലങ്ങളിലേയ്ക്ക് നീക്കം ചെയ്യും.അതിന് വാഹന സൗകര്യവും തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബയോ മെഡിക്കൽ മാലിന്യങ്ങൾക്കായി പ്രത്യേക സംവിധാനം

പോളിംഗ് സ്റ്റേഷനിൽ ഉണ്ടാകുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിച്ച് കൈയ്യൊഴിയുന്നതിന് പ്രത്യേക സംവിധാനമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ഇതിനായി ഇലക്ഷൻ കമ്മീഷനിൽ നിന്നും പ്രത്യേക അനുമതി വാങ്ങുകയായിരുന്നു.എല്ലാ ജില്ലകളിലും ഹരിതകർമ്മ സേനയ്ക്കാണ് ബയോ മെഡിക്കൽ മാലിന്യങ്ങളുടെ ശേഖരണ ചുമതലയും. എന്നാൽ ഇടുക്കിയുടെ പ്രത്യേക ഭൂ പശ്ചാത്തലത്തിൽ ഹരിതകർമ്മ സേനയ്ക്ക് ഈ ജോലി ഫലപ്രദമായി നിറവേറ്റുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ജില്ലാ കളക്ടർ ഇവിടെ പോളിംഗ് സ്‌റ്റേഷനുകളിലെ പിപിഇ കിറ്റ്, മാസ്‌ക്,ഗ്ലൗസ് തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണത്തിനായി കൈമാറലും അതത് പോളിംഗ് ഓഫീസർമാരുടെ ചുമതലയാക്കുകയായിരുന്നു. ഇവർ വോട്ടെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോൾ ബയോ മെഡിക്കൽ മാലിന്യങ്ങൾ കൂടി ഏറ്റെടുത്ത് കൊണ്ടുപോയി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സംസ്‌കരിക്കുന്നതിന് കൈമാറും.