vettikuzhakavala

കട്ടപ്പന: കട്ടപ്പന-ഇരട്ടയാർ റോഡിൽ താഴ്ന്നുകിടക്കുന്ന വൈദ്യുതി കമ്പികൾ അപകടങ്ങൾക്ക് കാരണമാകുന്നു. ഒരാഴ്ചമുമ്പ് വൈക്കോൽ കയറ്റിവന്ന ലോറിക്ക് വൈദ്യുതി കമ്പിയിൽ നിന്ന് തീപിടിച്ചത് ഇവിടെവച്ചാണ്. കെ.എസ്.ഇ.ബിക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വെട്ടിക്കുഴക്കവല മുതൽ നത്തുകല്ല് വരെയുള്ള ഭാഗത്താണ് വൈദ്യുതി കമ്പികൾ താഴ്ന്ന്കിടക്കുന്നത്. എലൈറ്റ് പടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ വാഹനങ്ങളിൽ തട്ടി അപകടമുണ്ടാകാൻ സാദ്ധ്യതയേറെയാണ്. കൂടാതെ ഈമേഖലയിലെ വൈദ്യുതി പോസ്റ്റുകളും അപകടാവസ്ഥയിലാണ്. ഒരുവർഷത്തിനിടെ നിരവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.കഴിഞ്ഞ 25നാണ് ലോറിയുടെ മുകൾവശം വൈദ്യുതി കമ്പികളിൽ തട്ടി വൈക്കോലിന് തീപിടിച്ചത്. പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കട്ടപ്പന അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി സാഹസികമായാണ് തീയണച്ച് വൻദുരന്തം ഒഴിവാക്കിയത്. അന്നുതന്നെ വാർഡ് കൗൺസിലർ കെ.എസ്.ഇ.ബി. അധികൃതരെ വിളിച്ച് കമ്പികൾ ഉയർത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.