ഇടുക്കി: ജില്ലാ കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം തുറന്നു. ജില്ലയിൽ 562 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളുടെ നിരീക്ഷണത്തിന് 26 ഉദ്യോഗസ്ഥരെ കൺട്രോൾ റൂമിൽ നിയോഗിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന് 24 ബൂത്തുകൾ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക സംവിധാനവും കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്. വെബ് കാസ്റ്റിംഗിലെ സാങ്കേതിക-വൈദ്യുത പ്രശ്നങ്ങൾ പരിഹരിക്കാൻ ബിഎസ്എൻഎൽ, കെഎസ്ഇബി ഉദ്യോഗസ്ഥരെയും ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടാൻ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നിരീക്ഷകരെ അറിയിക്കും. വെബ് കാസ്റ്റിംഗ് സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർ മാരെയും നിയോഗിച്ചിട്ടുണ്ട്.