തൊടുപുഴ: ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എം. മണി രാവിലെ എട്ടിന് കുഞ്ചിത്തണ്ണി 20 ഏക്കറിലെ സേർവ് ഇന്ത്യ എൽ.പി സ്കൂളിൽ വോട്ട് ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തി രാവിലെ കട്ടപ്പന ടൗൺ ഹാളിൽ വോട്ട് ചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് മാധവൻ അടിമാലി ഗവ. സ്കൂളിൽ രാവിലെ ഏഴിന് തന്നെ വോട്ട് ചെയ്യും.
തൊടുപുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ. ജോസഫ് രാവിലെ ഒമ്പതിന് പുറപ്പുഴ ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. കൊവിഡ് ബാധിതനായി നിരീക്ഷണത്തിൽ കഴിയുന്ന തൊടുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. കെ.ഐ. ആന്റണി വൈകിട്ട് ആറിനു ശേഷം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. എൻ.ഡി.എ സ്ഥാനാർത്ഥി പി. ശ്യാംരാജ് രാവിലെ ഏഴിന് മുള്ളരിങ്ങാട് തറുതലയിലെ പഞ്ചായത്ത് എൽ.പി സ്‌കൂളിലും വോട്ട് ചെയ്യും.
പീരുമേട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വാഴൂർ സോമൻ വണ്ടിപ്പെരിയാർ കൃഷിഭവനിലെ 199-ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും. യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ്
ഏലപ്പാറ ഗവ. യു.പി സ്കൂളിലും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീനഗരി രാജൻ കട്ടപ്പന ഗവ. കോളേജിലും രാവിലെ ഏഴിന് വോട്ട് ചെയ്യും.
ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ വാഴത്തോപ്പ് വഞ്ചിക്കവല യു.പി സ്കൂളിൽ രാവിലെ വോട്ട് ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിലാണ് വോട്ട്. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥന് തൃശൂരാണ് വോട്ട്.
ദേവികുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാർ മൂന്നാർ ഗവ. വി.എച്ച്.എസ്.എസിലെ 71-ാം നമ്പർ ബൂത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ. രാജ കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷൻ ഗവ. യു.പി സ്കൂളിലും രാവിലെ ഏഴിന് വോട്ട് ചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥി എസ്. ഗണേശൻ
മറയൂർ സെന്റ് മേരീസ് സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ട് ചെയ്യും.