 ജില്ലയിൽ ആകെ 1292 ബൂത്തുകൾ

ഇടുക്കി: കേരളാ നിയമസഭയിലേക്ക് ഇടുക്കിയിൽ നിന്ന് ആരൊക്കെ യാത്രയാകണമെന്ന് മലയോര ജനത ഇന്ന് വിധിയെഴുതും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ബൂത്തിലും സമാധാനമായ പോളിംഗ് ഉറപ്പുവരുത്താൻ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. സ്ഥാനാർത്ഥി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ രാവിലെ ആറ് മുതൽ മോക് ട്രയൽ നടത്തി വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്ത ശേഷമായിരിക്കും വോട്ടെടുപ്പ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വോട്ടർമാരുടെ താപനില പരിശോധിക്കാൻ ഒരു ജീവനക്കാരനെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നിയോഗിച്ചിട്ടുണ്ട്. രജിസ്റ്ററിൽ ഒപ്പിടുന്നതിനും വി.വി പാറ്റ് മെഷീനിൽ വോട്ട് ചെയ്യുന്നതിനും വോട്ടർമാർക്ക് കൈയുറകൾ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുമായി അഞ്ച് കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തി. ഇടുക്കി - എം.ആർ.എസ്. പൈനാവ്, പീരുമേട് - മരിയഗിരി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് പീരുമേട്, തൊടുപുഴ - ന്യൂമാൻ കോളേജ് തൊടുപുഴ, ദേവികുളം - ജി.വി.എച്ച്.എസ്.എസ് മൂന്നാർ, ഉടുമ്പൻചോല - സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് നെടുങ്കണ്ടം എന്നീ വിതരണ കേന്ദ്രങ്ങളിലെത്തി പോളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥർ സാമഗ്രികൾ കൈപ്പറ്റി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു വിതരണം.

ഒരു ബൂത്തിലേക്ക് പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലാകെ 6460 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ആവശ്യമായി വന്നാൽ ബൂത്തുകളിലേക്ക് അയക്കുന്നതിനായി പരിശീലനം നൽകിയ ഉദ്യോഗസ്ഥരെ മണ്ഡലം തലത്തിൽ റിസർവ് ചെയ്തിട്ടുണ്ട്.

കാഴ്ച പരിമിതർക്ക് ബ്രെയിൽ ലിപി ബാലറ്റ്

കാഴ്ച പരിമിതിയുള്ളവർക്ക് വോട്ടവകാശം രേഖപ്പെടുത്തുന്നതിന് എല്ലാ പോളിംഗ് ബൂത്തിലും ബ്രെയിൽ ലിപിയിലുള്ള ഡെമ്മി ബാലറ്റ് പേപ്പർ നൽകും. പ്രിസൈഡിംഗ് ഓഫീസർ ഇവ വോട്ടർമാർക്ക് നൽകും. പരസഹായം കൂടാതെ അവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഉണ്ടാകും.

കൊവിഡ് രോഗികൾക്ക് അവസരം

പോളിംഗ് ദിവസം വൈകിട്ട് ആറു മണി മുതൽ ഏഴു മണി വരെ മറ്റ് വോട്ടർമാർ പോയ ശേഷം കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

50 % ബൂത്തിലും വെബ് കാസ്റ്റിംഗ്

ഇത്തവണ പ്രശ്‌നബാധിത ബൂത്തുകളില്ലെങ്കിലും 50 ശതമാനം ബൂത്തിലും വെബ്‌കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. ഇക്കുറി അഞ്ച് നിയോജക മണ്ഡലങ്ങളിലായി 1292 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. വിദൂര മേഖലയായ ഇടമലക്കുടിയിലേക്കടക്കം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. കൂടുതൽ ഇടങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ആദിവാസി മേഖല ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ എത്തിക്കാൻ ബോധവത്കരണ പരിപാടികളടക്കം നടത്തി.

 40 ബൂത്തുകളിൽ ഇ- ടോയ്‌ലറ്റ് സംവിധാനം. ഇവിടെ വിശ്രമത്തിനും സൗകര്യം.

 ഓരോ പോളിംഗ് ബൂത്തിലും തെർമൽ സ്‌കാനർ

 മാസ്‌കില്ലാതെ ആരെങ്കിലും ബൂത്തിലെത്തുന്നത് ഒഴിവാക്കാൻ മാസ്‌ക് സൂക്ഷിച്ചിരിക്കുന്ന കോർണർ ഉണ്ടാകും.

 ഓരോ ബൂത്തിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസുകൾ ഉണ്ടാകും.