തൊടുപുഴ : ആയുർവേദ മരുന്നുകൾ മൾട്ടിലെവൽ മാർക്കറ്റിംഗ് വഴി വിറ്റഴിക്കുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന മൾട്ടിലെവൽ തട്ടിപ്പാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ. കൊവിഡിന്റെ പശ്ചാത്തലത്തിൽ അത്ഭുത സിദ്ധിയുണ്ടെന്നും പല അസുഖങ്ങൾക്ക് ഗുണപ്രദമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഔഷധങ്ങൾ അനാരോഗ്യകരമായ ഉപയോഗം വഴി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴി തുറക്കുമെന്നും ഇത് നിയമപരമായി അംഗീകാരമുള്ളതല്ലെന്നും അസോസിയേഷൻ. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ എറണാകുളം, ഇടുക്കി ,, കോട്ടയം , ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം സോൺ യോഗത്തിലായിരുന്നു ഈ വിലയിരുത്തൽ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: രാജു തോമസ് ഓൺലൈനായി യോഗം ഉദ്ഘാടനം ചെയ്തു.സോൺ പ്രസിഡന്റ് ഡോ: കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: സാദത്ത് ദിനകർ മുഖ്യ പ്രഭാഷണം നടത്തി.സോൺ സെക്രട്ടറി ഡോ: എം.എസ്. നൗഷാദ്, ഡോ: ആർ കൃഷ്ണകുമാർ , ഡോ: ലീന പി നായർ , ഡോ: അനീഷ്, ഡോ: അഖിൽ ,ഡോ: ഐശ്വര്യ, ഡോ: ബിനോയ് ഭാസ്‌കരൻ , ഡോ: സാംസൺ, ഡോ: ജോർജ്ജ് മാമ്മൻ എന്നിവർ സംസാരിച്ചു.