haritha

ഇടുക്കി: പോളിംഗ് കേന്ദ്രങ്ങൾക്കുള്ളിൽ വോട്ടെടുപ്പിന് ചൂട് പിടിക്കുമ്പോൾ പോളിംഗ് കേന്ദ്രങ്ങളുടെ പുറത്ത് കർമനിരതരായൊരു വിഭാഗമായിരുന്നു ഹരിത കർമ സേന. ഇത്തവണയും പോളിംഗ് കേന്ദ്രങ്ങളിലെ മാലിന്യ നീക്കം കുറ്റമറ്റ രീതിയിൽ നടത്തിയത് ഹരിത കർമ സേനാംഗങ്ങളായിരുന്നു.മാലിന്യം നീക്കിയതിനൊപ്പം സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയ വോട്ടർമാരുടെ കൈകൾ അണുവിമുക്തമാക്കാനും താൽക്കാലിക ഉപയോഗത്തിനായുള്ള കൈയ്യുറകൾ വിതരണം ചെയ്യാനും ഹരിത കർമസേനാംഗങ്ങൾ മുൻകൈയ്യെടുത്തു.
സാമൂഹിക അകലം പാലിക്കാനും ഇടക്കിടെ നിർദ്ദേശം നൽകി.പോളിംഗ് ബൂത്തിലെ ഉപയോഗ ശേഷം കൈയ്യുറകൾ കേന്ദ്രത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള വെയിസ്റ്റ് ബിന്നിൽ കൃത്യമായി നിക്ഷേപിക്കുന്ന കാര്യത്തിലും ഹരിത കർമ സേനാംഗങ്ങൾ വോട്ടർമാർക്ക് നിർദ്ദേശം നൽകി.ജൈവം, അജൈവം, ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവ തരം തിരിച്ചായിരുന്നു ഹരിതകർമ്മ സേനാംഗങ്ങൾ പോളിംഗ് കേന്ദ്രങ്ങൾക്ക് പുറത്ത് മാലിന്യ നീക്കം സാധ്യമാക്കിയത്.
തൊടുപുഴ എപിജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിച്ച മാതൃകാ ഹരിത പോളിങ് ബൂത്ത് ശ്രദ്ധേയമായി. ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തൊടുപുഴ നഗരസഭയാണ് സ്‌കൂളിൽ മാതൃകാ ഹരിത പോളിങ് ബൂത്ത് ഒരുക്കിയത്.തിരഞ്ഞെടുപ്പ് ദിവസം ബൂത്തിലുണ്ടാകുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഈറ്റ കൊണ്ടുണ്ടാക്കിയ കുട്ടകളാണ് ഉപയോഗിച്ചത്.