വോട്ടിംഗും തടസപെട്ടു
തൊടുപുഴ:ഇന്നലെ തൊടുപുഴ താലൂക്കിന്റെ വിവിധ മേഖലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശ നഷ്ടം.ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയുണ്ടായ മഴയും കാറ്റും ഒരു മണിക്കൂറിലെ സമയം നീണ്ട് നിന്നു.മുട്ടം, കുടയത്തൂർ,അറക്കുളം, കരിങ്കുന്നം,ഉടുമ്പന്നൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകിയും,ശിഖരങ്ങൾ ഒടിയുകയും ചെയ്തതിനെ തുടർന്ന് വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും നാശം സംഭവിച്ചു. റോഡുകളിലേക്ക് വീണ മരങ്ങൾ അഗ്‌നിശമന ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.ചിലയിടങ്ങളിൽ ഇന്നലെ രാത്രി ഏറെ വൈകിയും മരങ്ങൾ വെട്ടിമാറ്റാനുള്ള പണികൾ നടന്നിരുന്നു.വിവിധ സ്ഥലങ്ങളിൽ മണിക്കൂറോളം നേരം വൈദ്യുതിയും മുടങ്ങി.വൈദ്യുതി ജീവനക്കാരുടെ കുറവുള്ളതിനാൽ പല സ്ഥലങ്ങളിലെയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല.തട്ടക്കുഴ, മഞ്ചിക്കല്ല് പ്രദേശങ്ങളിൽ മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീഴുകയും കാർഷിക വിളകൾക്ക് നാശം സംഭവിക്കുകയും ചെയ്തു.മണക്കാട് കോലടി ഭാഗത്ത് ഷെഡ് കെട്ടി താമസിക്കുന്ന കുടുംബത്തിന്റെ വീടിന്റെ ഷീറ്റ് കാറ്റത്ത് ഇളകിപ്പോയി. കുടയത്തൂർ പഞ്ചായത്തിൽ അടൂർമലയിൽ തിളങ്ങാനാട്ടിൽ രാജപ്പൻ, മാന്നാനം തോമസ് എന്നിവരുടെ വീടുകളിലേക്ക് മരം വീണ് വീടിന് നാശം സംഭവിച്ചു. ചക്കിക്കാവിൽ11കെ വി വൈദ്യുതി ലൈനിൽ മരം ഒടിഞ്ഞു മണിക്കൂറോളം നേരം വൈദ്യുതി മുടങ്ങി.കഞ്ഞാറിൽ സംസ്ഥാന പാതയിലേക്ക് വീണ മരം മൂലമറ്റം അഗ്‌നി ശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കുടയത്തൂർ മുസ്ലിം പള്ളിക്ക് സമീപം പഞ്ചായത്ത് റോഡിലേക്ക് മരം ഒടിഞ്ഞു വീണത് നാട്ടുകാർ വെട്ടി മാറ്റി.അറക്കുളം പന്ത്രണ്ടാം മൈൽ ഭാഗത്ത് സംസ്ഥാന പാതയോരത്ത് കലുങ്ക് കൂടുതൽ അപാടകടവസ്ഥയിലായി.ഇവിടെ പാതയോരത്തു റോഡ് വിണ്ടു കീറിയ അവസ്ഥയിലായിട്ട് ഏറെ നാളുകൾ ആയിരുന്നു. എന്നാൽ ഇന്നലെ മഴ പെയ്തതോടെ വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് കൂടുതൽ അപകടവസ്ഥയിലായി.
വോട്ടിംഗിനെയും
ബാധിച്ചു
മഴയും കാറ്റും ചിലയിടങ്ങളിൽ വോട്ടിംങ്ങിനെയും സാരമായി ബാധിച്ചു.വാഹനങ്ങളിൽ വോട്ട് ചെയ്യാൻ കുടുംബ സമേതം എത്തിയവർക്ക് പോളിങ്ങ് ബൂത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ മഴ മാറുന്നത് വരെ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി.ഒരു മണിക്കൂറോളം നേരം നീണ്ട് നിന്ന മഴ കുറഞ്ഞതിന് ശേഷമാണ് ജനം വോട്ട് ചെയ്യാൻ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതും.ഈ സമയം പോളിങ്ങ് കുറഞ്ഞിരുന്നു.അടച്ച് കെട്ടിയ മിക്ക പോളിങ്ങ് ബൂത്തുകളിലും മഴ പെയ്തതിനെ തുടർന്ന് വെളിച്ചക്കുറവുണ്ടായി. മഴയയെ തുടർന്ന് മിക്ക ബൂത്തുകളിലും വൈദ്യുതിയും നിലച്ചു. എന്നാൽ ചിലയിടങ്ങളിൽ ബാറ്ററി ഉൾപ്പടെയുള്ള സംവിധങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ വൈദ്യുതി മുടക്കം പോളിംഗിനെസാരമായി ബാധിച്ചില്ല.
മഴവന്നപ്പോൾ
ഒരുമിച്ചു
വിവിധ രാഷ്ട്രീയ പാർട്ടികൾ ഹെൽപ്പ് ഡെസ്‌ക്കായി സജ്ജമാക്കിയ സ്ഥലങ്ങളിൽ കാറ്റിലും മഴയിലും വെള്ളംകയറിയും മേൽക്കൂര പറന്ന്പോയും ഇരിക്കാനാവാതെയായി. . ഇവിടെ ഇരുന്നിരുന്ന വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രവർത്തകർ രാഷ്ട്രീയ വൈരാഗ്യം മറന്ന് ഒരുമിച്ച് ഒരു സ്ഥലത്ത് കൂടി ഇരുന്നതും കൗതുക കാഴ്ച്ചയായിരുന്നു.