നെടുങ്കണ്ടം/ചെറുതോണി/ അടിമാലി: ഇരട്ടവോട്ടിന് പിന്നാലെ ജില്ലയിലെ പലയിടത്തും വ്യാപക കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. തിരിച്ചറിയൽ രേഖകളുമായി പോളിംഗ് ബൂത്തിലെത്തിയെങ്കിലും വോട്ടർ പട്ടികയിൽ പോസ്റ്റൽ വോട്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വോട്ട് ചെയ്യാനാവാതെ ഓട്ടോറിക്ഷാ ഡ്രൈവർ മടങ്ങി. ഉടുമ്പൻചോല മണ്ഡലത്തിലെ മുണ്ടിയെരുമ ഗവ.എൽ.പി സ്‌കൂളിലെ 81-ാം നമ്പർ ബൂത്തിൽ വോട്ടുള്ള തൂക്കുപാലം കുന്നേൽ അനിൽകുമാറിനാണ് സാങ്കേതിക പിഴവ് മൂലം വോട്ട് നഷ്ടപ്പെട്ടത്. തനിക്ക് പോസ്റ്റൽ വോട്ട് ലഭിച്ചിട്ടില്ലെന്നും പോസ്റ്റൽ വോട്ടിനായി താൻ അപേക്ഷ നൽകിയിട്ടില്ലെന്നും അനിൽകുമാർ പ്രിസൈഡിങ് ഓഫീസറെ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥർ തങ്ങളുടെ നിസഹായത അറിയിച്ചതോടെ വോട്ട് നിഷേധിക്കപ്പെട്ടതിൽ അനിൽകുമാർ പോളിംഗ് ബൂത്തിനുള്ളിൽ നിന്ന് പ്രതിഷേധിച്ചു. അനിൽകുമാറിന്റെ പ്രതിഷേധത്തെ തുടർന്ന് പ്രിസൈഡിംഗ് ആഫീസർ റിട്ടേണിംഗ് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നിലവിൽ പിഴവ് തിരുത്താൻ നിർവാഹമില്ലെന്നാണ് അറിയിച്ചത്. ഇതോടെ ഒപ്പമുണ്ടായിരുന്ന അഞ്ച് കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താതെ അനിൽകുമാറിനൊപ്പം പോളിങ് ബൂത്തിൽ നിന്ന് തിരച്ചിറങ്ങി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നിർബന്ധിച്ച് അനിൽകുമാറിന്റെ കുടുംബാംഗങ്ങളെക്കൊണ്ട് വോട്ട് ചെയ്യിച്ചു.

ഇടുക്കി ന്യൂമാൻ എൽ.പി സ്‌കൂളിലെ 98-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നാരകക്കാനം അമ്പലത്തറ മേരി ജോസിന്റെ വോട്ട് മാറ്റാരോ നേരത്തെയെത്തി രേഖപ്പെടുത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് മേരിജോസ് വോട്ടുചെയ്യാനെത്തിയപ്പോഴാണ് രാവിലെ തന്നെ മേരിയുടെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് പരാതി നൽകിയതിനെത്തുടർന്ന് ഇവരെ ടെന്റർ വോട്ട് ചെയ്യിപ്പിച്ചു.

അടിമാലി ബൈസൺവാലി ടീ കമ്പനി 180 മായൽത്ത മാത ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വയോധിക ദമ്പതികളുടെ വോട്ട് പോസ്റ്റൽ ബാലറ്റു വഴി രേഖപ്പെടുത്തിയതായി രേഖ. ഇതോടെ വോട്ട് രേഖപ്പെടുത്താൻ ഇരുവർക്കും അവസരം നിഷേധിച്ചു. തങ്ങൾ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടില്ലെന്നും പ്രായം 76 വയസിന് താഴെയാണെന്നും ഇരുവരും പറഞ്ഞെങ്കിലും പോളിംഗ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല.