jeep

 ഇരട്ടവോട്ടിനെ ചൊല്ലി ഉടുമ്പഞ്ചോലയിൽ സംഘർഷം, പ്രതിഷേധം

തൊടുപുഴ/കട്ടപ്പന: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും ഉടുമ്പഞ്ചോല മണ്ഡലത്തിലടക്കം നിരവധിയിടങ്ങളിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. ഇരട്ട വോട്ടിനെച്ചൊല്ലിയാണ് ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ സംഘർഷമുണ്ടായത്. കോമ്പയാർ പട്ടത്തിമുക്കിൽ തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ജീപ്പ് ബി.ജെ.പി പ്രവർത്തകർ തടയുകയായിരുന്നു. ഉടുമ്പഞ്ചോല മണ്ഡലത്തിൽ വോട്ട് ചെയ്ത ശേഷം തമിഴ്നാട്ടിൽ ഇരട്ടവോട്ട് ചെയ്യാൻ പോവുകയാണെന്നാരോപിച്ചാണ് ഇവർ സ്ത്രീകളടക്കമുള്ള 12 അംഗ സംഘത്തെ തടഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന 8 വനിതകൾ ഉൾപ്പെടെ 12 പേരെ പിടികൂടി പൊലീസിന് കൈമാറി. ഇവരെ നെടുങ്കണ്ടം സ്റ്റേഷനിൽ എത്തിച്ചു. മരണ വീട്ടിൽ പോകാനായാണ് എത്തിയതെന്നാണ് ഇവർ പറഞ്ഞത്. ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പറഞ്ഞ് മഷി മായ്ക്കാൻ ഉപയോഗിക്കുന്ന ദ്രാവകത്തിന്റെ കുപ്പിയും പഞ്ഞിയും ബി.ജെ.പി പ്രവർത്തകർ പൊലീസിനെ ഏൽപ്പിച്ചിരുന്നു. സി.പി.എമ്മാണ് ഇവരെ ഇവരെ കടത്തിവിടാൻ ശ്രമിച്ചതെന്ന് ബി.ജെ.പി. ആരോപിച്ചു. എന്നാൽ കേരളത്തിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികൾ വോട്ട് ചെയ്യാനായി തമിഴ്‌നാട്ടിലേക്ക് പോയപ്പോൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എൻ. വിജയൻ ആരോപിച്ചു. പരാതികളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
സംഭവത്തെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ നെടുങ്കണ്ടത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നിരവധി വാഹനങ്ങളാണ് ഇരു സംഘങ്ങളും തടഞ്ഞത്. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ രണ്ട് വാഹനങ്ങൾക്ക് നേരെ കല്ലേറും ഉണ്ടായി. ഇതേസമയം 50 പേർ രാമക്കൽമെട്ട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്. ചതുരംഗപാറ വഴി അതിർത്തി കടക്കാൻ ശ്രമിച്ച എട്ടു പേരെ കേന്ദ്ര സേനയും പൊലീസും മടക്കി അയച്ചു. കമ്പംമെട്ടിൽ കേന്ദ്രസേന, ഇടുക്കി എസ്.പി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനയാണ് നടന്നത്.

കുമളിയിൽ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്

കുമളി ടൗണിൽ ബൂത്തുകളിലിരുന്ന യു.ഡി.എഫ്- എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. വോട്ടിംഗ് അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പായിരുന്നു സംഘർഷം. സംഘർഷത്തിനിടയിലേയ്ക്ക് വാഹനത്തിലെത്തിയ എൻ.ഡി.എ. പ്രവർത്തകരുടെ ജീപ്പിന്റെ പടുത സംഘർഷക്കാർ വലിച്ചുകീറി. കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ എൽ.ഡി.എഫ്. പ്രവർത്തകരായ ശ്രീക്കുട്ടൻ, പർവീസ് എന്നിവരുടെ കൈയ്ക്ക് പരിക്കേറ്റു. ഇവരെ പിന്നീട് അറുപത്തിയാറാംമൈലിലെ ആശുപത്രിലയിലേയ്ക്ക് മാറ്റി. തുടർന്ന് സംഘടിച്ചെത്തിയ എൽ.ഡി.എഫ്. പ്രവർത്തകരുടെ അക്രമത്തിൽ കോൺഗ്രസ് പ്രവർത്തകനായ സാബു ജോർജിന്റെ തലയ്ക്കും മുഖത്തിനും പരിക്കേറ്റു. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സംഘർഷ സാധ്യത കണക്കിലലെടുത്ത് പോലീസ് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.

മൂന്നാറിൽ സംഘർഷം

മൂന്നാർ ചെണ്ടുവര ഗവ. ഹൈസ്‌കൂളിലെ ബി.എൽ.ഒ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി നിലപാട് എടുത്തെന്നാരോപിച്ച് എൽ.ഡി.എഫ് രംഗത്തെത്തിയത് സംഘർഷത്തിനിടയാക്കി. പൊലീസ് ഇടപെട്ട് സംഘർഷം നിയന്ത്രിച്ചു. ബി.എൽ.ഒയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പരാതി നൽകി.

തൊമ്മൻകുത്തിൽ

നേരിയ സംഘർഷം

വോട്ടെടുപ്പ് നടക്കുന്നതിനിടെ തൊമ്മൻകുത്ത് സെന്റ് തോമസ് എൽ.പി.എസ് ബൂത്തിന് സമീപം നേരിയ സംഘർഷം. എൽ.ഡി.എഫ് പ്രവർത്തകൻ അമ്മയെ വോട്ട് ചെയ്യിപ്പിക്കാൻ കൊണ്ട് വന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷത്തിലേയ്ക്ക് നീങ്ങിയത്. ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലേയ്ക്ക് നീങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.