തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളെ ഒരു പോലെ ആശങ്കയിലാക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പോളിംഗിൽ വൻ ഇടിവ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 70.38 ശതമാനമാണ് ജില്ലയിലെ പോളിംഗ്. അവസാനവട്ട കണക്കെടുക്കുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധന ഉണ്ടായേക്കാം. 2016 ലെ തെരഞ്ഞെടുപ്പിൽ 73.59 ശതമാനമായിരുന്നു പോളിംഗ്. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 76.36 ഉം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 74.66 ശതമാനവുമായിരുന്നു ജില്ലയിലെ പോളിംഗ് നിരക്ക്. തുടക്കം മുതൽ മന്ദഗതിയിലായിരുന്നു ഇത്തവണ ജില്ലയിലെ പോളിംഗ്. കഴിഞ്ഞ തവണ മഴ വില്ലനായപ്പോഴും വോട്ടിംഗ് ശതമാനം കൂടിയെങ്കിൽ ഇത്തവണ അത്രകണ്ട് ആവേശം ചിലയിടങ്ങളിലൊഴികെ പോളിങ്ങിൽ രാവിലെ കാണാനായില്ല. ആകെയുള്ള 8,88,608 വോട്ടർമാരിൽ 6,25,409 പേരാണ് വോട്ട് ചെയ്തത്. പുരുഷ വോട്ടിംഗ് ശതമാനം 73.57ഉം സ്ത്രീ വോട്ടിംഗ് ശതമാനം 67.26ഉം ആണ്. ആകെയുള്ള നാല് ട്രാൻസ്‌ജെൻഡറിൽ രണ്ട് പേർ വോട്ട് രേഖപ്പെടുത്തി. തൊടുപുഴ, ദേവികുളം നിയോജക മണ്ഡലത്തിലായിരുന്നു അത്. അവശേഷിച്ച രണ്ട് പേരും പീരുമേട് മണ്ഡലത്തിലെയാണ്. ആകെ പോൾ ചെയ്ത പുരുഷ വോട്ട് 3,23,001 ഉം സ്ത്രീ വോട്ട് 3,02,406 ഉം ആണ്. ഇടമലക്കുടിയിൽ 46.34 ശതമാനം പേർ മാത്രമാണ് അവസാനം വിവരം ലഭിക്കുമ്പോൾ വോട്ട് ചെയ്തിരിക്കുന്നത്. ഉടുമ്പൻചോലയിൽ 73.33 ശതമാനവും ദേവികുളത്ത് 67.32 ശതമാനവുമായിരുന്നു പോളിംഗ്.
ആർക്ക് അനുകൂലമാകും
പോളിംഗ് ശതമാനത്തിൽ കുറവുണ്ടായത് ആർക്ക് അനുകൂലമാകുമെന്നാണ് രാഷ്ട്രീയപാർട്ടികൾ ഉറ്റുനോക്കുന്നത്. ഇത്തവണ പോളിംഗ് സമയം രാത്രി ഏഴ് മണിവരെയാക്കിയതും ശക്തമായ ചൂടുമാണ് ആദ്യഘട്ടത്തിൽ പോളിങ് ഉയരുന്നതിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉച്ചവരെ മിക്ക ബൂത്തുകളിലും കൊവിഡ് സാഹചര്യത്തിലും വലിയ തിരക്ക് അനുഭവപ്പെട്ടപ്പോഴാണിത്. വൈകിട്ട് മൂന്നരയോടെ ശക്തമായ കാറ്റും മഴയുമുണ്ടായത് തൊടുപുഴ മണ്ഡലത്തിലും ഇടുക്കിയിലെ ചില പ്രദേശങ്ങളിലും പോളിംഗിനെ ബാധിച്ചു.
വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം(ബ്രായ്ക്കറ്റിൽ 2016ലേത്)
ദേവികുളം 67.32% (73.66)
ഉടുമ്പൻചോല 73.33% (75.35)
തൊടുപുഴ 70.16% (71.93)
ഇടുക്കി 68.94% (76.38)
പീരുമേട് 72.27% (73.22)