തൊടുപുഴ: 'ജില്ലയിൽ നമ്മുടെ മുന്നണിക്ക് എത്ര സീറ്റ് കിട്ടും നേതാവേ...?" 'അഞ്ചിൽ അഞ്ചും കിട്ടും"
'ഉള്ളത് പറ?"
'നാല് സീറ്റ് ഉറപ്പായും കിട്ടും, ഒരെണ്ണത്തിന്റെ കാര്യത്തിൽ ചെറിയ സംശയമുണ്ട് ".
ഇതാകും ജില്ലയിലെ ഇടത്- വലത് മുന്നണി നേതാക്കളോട് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചോദിച്ചാലുള്ള മറുപടി. ജനം വിധിയെഴുതി കഴിഞ്ഞതോടെ മൂന്ന് മുന്നണികളും കൂട്ടലും കിഴിക്കലും ആരംഭിച്ചിട്ടുണ്ട്. പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇരുകൂട്ടരും അവകാശപ്പെടുന്നത്. ദേവികുളം, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിൽ രണ്ട് മുന്നണികളും ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അഞ്ച് മണ്ഡലങ്ങളിലും തങ്ങൾ പിടിക്കുന്ന വോട്ടുകൾ വിധി നിർണയിക്കുമെന്ന് എൻ.ഡി.എയും പറയുന്നു.
ദേവികുളം
പുതുമുഖങ്ങളായ ഡി. കുമാറും എ. രാജയും തീപാറും പോരാട്ടം കാഴ്ചവച്ച ദേവികുളത്ത് മൂവായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. ഏഴായിരം മുതൽ പതിനായിരം വോട്ടിന് ജയിക്കുമെന്ന്ഇടതുപക്ഷവും പറയുന്നു. സാമുദായിക സമവാക്യങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ഇവിടെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥി എസ്. ഗണേശൻ പിടിക്കുന്ന വോട്ടുകൾ നിർണായകമാണ്.
പീരുമേട്
വാശിയേറിയ മത്സരം അരങ്ങേറിയ പീരുമേട്ടിൽ എണ്ണായിരം വോട്ടിൽ കുറയാതെ വിജയിക്കുമെന്ന് ഇടതുപക്ഷം കണക്കുക്കൂട്ടുന്നു. പലയിടങ്ങളിലും കോൺഗ്രസ് നിർജീവമായിരുന്നുവെന്നും ഇവർ വിലയിരുത്തി. 5000 മുതൽ പതിനായിരം വരെ വോട്ടിന് യു.ഡി.എഫ് ഇവിടെ വിജയം പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാനെത്താനാകാത്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് അവർ കരുതുന്നു.
ഉടുമ്പഞ്ചോല
ഇരുപതിനായിരത്തിന് മുകളിലെങ്കിലും ഭൂരിപക്ഷത്തിൽ എം.എം. മണി ഉടുമ്പഞ്ചോലയിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ നിഗമനം. മന്ത്രിയായ ശേഷം മണ്ഡലത്തിൽ മണി നടത്തിയ വികസനപ്രവർത്തനങ്ങളും ജോസ് കെ. മാണി വിഭാഗം മുന്നണിയിലേക്ക് വന്നതുമാണ് പ്രധാന അനുകൂലഘടകങ്ങൾ. തമിഴ്നാട്ടിൽ നിന്നുള്ള വോട്ടർമാർക്കെത്താനാകാത്തതും ക്രിസ്ത്യൻ വോട്ടുകളിലുള്ള ധ്രൂവീകരണത്തിലുമാണ് യു.ഡി.എഫ് പ്രതീക്ഷ. അങ്ങനെ വന്നാൽ അയ്യായിരം മുതൽ ഏഴായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തിൽ ജയിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ഇടുക്കി
കടുത്ത മത്സരം നടന്ന ഇടുക്കിയിൽ റോഷിയുടെ വ്യക്തിപ്രഭാവത്തിൽ അയ്യായിരം വോട്ടിനെങ്കിലും ജയിക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. യു.ഡി.എഫിന്റെ കുത്തക സീറ്റിൽ ഫ്രാൻസിസ് ജോർജ് അയ്യായിരം മുതൽ പതിനായിരം വോട്ടിന് വിജയിക്കുമെന്നാണ് അവർ വിലയിരുത്തുന്നത്. ക്രിസ്ത്യൻ സഭയുടെ പിന്തുണയും യു.ഡി.എഫിന് അനുകൂല ഘടകമായിരുന്നു.
തൊടുപുഴ
യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തൊടുപുഴയിൽ എങ്ങനെ വന്നാലും പി.ജെ. ജോസഫ് 15000- 20000 വരെ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് അവരുടെ നിഗമനം. യു.ഡി.എഫിനുള്ളിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതിനാൽ പലയിടങ്ങളിലും ഘടകക്ഷികൾ നിർജീവമായിരുന്നെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. മറ്റ് അനുകൂലഘടകങ്ങൾ കൂടി ചേർന്നാൽ അയ്യായിരം വോട്ടിന് ജയിക്കാനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.