തൊടുപുഴ: ജില്ലയിൽ 154 പരീക്ഷാ കേന്ദ്രങ്ങളിലായി 11,470 വിദ്യാർഥികൾ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതും. 6001 ആൺകുട്ടികളും 5469 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക. എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് മുതൽ 12 വരെ ഉച്ചയ്ക്ക് ശേഷവും 15 മുതൽ രാവിലെയുമാണ് നടക്കുക. 29ന് സമാപിക്കും. സർക്കാർ സ്‌കൂളുകളിൽ കല്ലാർ ഗവ. എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത്- 356. ഏറ്റവും കുറവ് ഖജനാപ്പാറ ജി.എച്ച്.എസിലും- ഏഴ് പേർ മാത്രം. എയ്ഡഡ് സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് കരിമണ്ണൂർ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലാണ്- 296. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഹയർസെക്കൻഡറി പരീക്ഷ ഇന്ന് തുടങ്ങി 26 നും വി.എച്ച്.എസ്.ഇ പരീക്ഷ ഒമ്പതിന് തുടങ്ങി 26 നും അവസാനിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക. ഒരു ക്ലാസിൽ 20 കുട്ടികളെ വീതമാണ് പരീക്ഷയെഴുതാൻ അനുവദിക്കുക.
''ജില്ലയിൽ പരീക്ഷയ്ക്ക് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൊവിഡ് പശ്ചാത്തലത്തിൽ, ക്ലാസ് മുറികൾ കൃത്യമായ ഇടവേളകൾ പാലിച്ച് അണുവിമുക്തമാക്കും. വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച്, കൈകൾ അണുവിമുക്തമാക്കിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുക. കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് പരീക്ഷയെഴുതാൻ പ്രത്യേക മുറി സജ്ജീകരിക്കും. നിലവിൽ കൊവിഡ് ബാധിതരോ നിരീക്ഷണത്തിലുള്ളവരോ ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല റിപ്പോർട്ട് ചെയ്തിട്ടില്ല.
- വി.എ. ശശീന്ദ്ര വ്യാസ് (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ)