തൊടുപുഴ

'പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല. യു.ഡി.എഫിന്റെ എല്ലാ വോട്ടുകളും പോൾ ചെയ്തു. യു.ഡി.എഫ് മികച്ച വിജയം നേടും."
-പി.ജെ ജോസഫ് (യു.ഡി.എഫ്)

'വിജയ പ്രതീക്ഷയുണ്ട്. സംസ്ഥാനത്തും ഇടതുപക്ഷ ഭരണം വീണ്ടും വരും. ചിട്ടയായ പ്രവർത്തനം നടത്തിയ ഇടതുപക്ഷ മുന്നണിയുടെ എല്ലാ പ്രവർത്തകരോടും നേതാക്കളോടും കടപ്പെട്ടിരിക്കുന്നു.

-കെ.ഐ. ആന്റണി (എൽ.ഡി.എഫ്)

'വിജയ പ്രതീക്ഷയിലാണ്. രാഷ്ട്രീയത്തിനതീതമായി വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. നിഷ്പക്ഷ വോട്ടുകളടക്കം ലഭിച്ചു."

- പി. ശ്യാംരാജ് (എൻ.ഡി.എ)

ഉടുമ്പൻചോല
'പോളിംഗ് ശതമാനം കുറഞ്ഞാലും ഭൂരിപക്ഷം വർദ്ധിക്കും. ശതമാനം കുറയാൻ പ്രധാന കാരണം യു.ഡി.എഫ് അവരുടെ വോട്ട് ചെയ്യാത്തതാണ്. കോൺഗ്രസിനുള്ളിലെ ഭിന്നതയും യു.ഡി.എഫിലെ അനൈക്യവും മൂലവുമാണ് പലരും വോട്ടു ചെയ്യാൻ എത്താത്തതിന് കാരണം."

എം.എം മണി (എൽ.ഡി.എഫ്)


'തമിഴ്‌നാട്ടിലേക്ക് പോയിരുന്ന തോട്ടം തൊളിലാളികൾക്ക് മടങ്ങിവന്ന് ഉടുമ്പൻചോലയിൽ വോട്ട് ചെയ്യാൻ അവസരം നൽകാഞ്ഞതാണ് പോളിംഗ് ശതമാനം കുറയാൻ കാരണം. കർശന നടപടികളാണ് ഇത്തവണ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പാണ്."
-ഇ.എം. ആഗസ്തി (യു.ഡി.എഫ്)

'മണ്ഡലത്തിലെ പതിനയ്യായിരത്തോളം കള്ള വോട്ടുകൾ തടയാനായതാണ് പോളിംഗ് ശതമാനം കുറയാൻ കാരണം.തുടക്കത്തിലെ കള്ള വോട്ട് ചെയ്യാനെത്തിയവരെ പിടികൂടാൻ കഴിഞ്ഞു."

-സന്തോഷ് മാധവൻ (എൻ.ഡി.എ)

ഇടുക്കി
'പോളിംഗ് കുറഞ്ഞത് ഇടതുപക്ഷത്തിന് യാതൊരു ദോഷവും വരുത്തില്ല. വിജയം ഉറപ്പാണ്. എൽ.ഡി.എഫിന് ലഭിക്കേണ്ട മുഴുവൻ വോട്ടുകളും ലഭിച്ചു."

- റോഷി അഗസ്റ്റിൻ (എൽ.ഡി.എഫ്)

'പോളിംഗ് ശതമാനം കുറഞ്ഞത് വിജയത്തെ ഒരു തരത്തിലും ബാധിക്കില്ല. ഇടുക്കിയിൽ യു.ഡി.എഫിന് അനുകൂലമായ മുഴുവൻ വോട്ടുകളും ലഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഇടത് മുന്നണിയിലെ ചില വോട്ടുകളും. വിജയം സുനിശ്ചിതമാണ്."
- ഫ്രാൻസിസ് ജോർജ് (യു.ഡി.എഫ്)

'വിജയപ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. പരസ്പരം കാലുമാറുന്ന ഇരു മുന്നണികൾക്കും ജനം ശക്തമായ തിരിച്ചടി നൽകും. കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് കരുതുന്നത്"

- അഡ്വ. സംഗീത വിശ്വനാഥൻ (എൻ.ഡി.എ)

ദേവികുളം

'കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കും. എൽ.ഡി.എഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഓരോ പ്രദേശത്തു നിന്നുമുള്ള പ്രതികരണങ്ങളും അതാണ് വ്യക്തമാക്കുന്നത്."
-എ. രാജ (എൽ.ഡി.എഫ്)

'നൂറ് ശതമാനവും വിജയപ്രതീക്ഷയിലാണ്. താൻ ജനിച്ചുവളർന്ന നാടാണിത്. തൊഴിലാളികളും കർഷകരുമായി അടുത്ത ബന്ധമാണ്. 5000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിന് ജയിക്കും."

-ഡി. കുമാർ (യു.ഡി.എഫ്)

'വിജയപ്രതീക്ഷയിലാണ്. ബൂത്തുകൾ സന്ദർശിച്ചപ്പോൾ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് മനസിലാകുന്നത്. ആ മാറ്റം എൻ.ഡി.എ.യോടൊപ്പമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്."

- എസ്. ഗണേശൻ (എൻ.ഡി.എ)

പീരുമേട്
'നാലാം തവണയും മണ്ഡലം നിലനിറുത്തും. കഴിഞ്ഞ തവണ മണ്ഡലത്തിൽ ലഭിച്ചതിലും ഇരട്ടി വോട്ടുകൾ ഇത്തവണ ഉണ്ടാകും. വണ്ടിപ്പെരിയാർ, പീരുമേട്, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിൽ വൻ മുന്നേറ്റമുണ്ടാകും."

- വാഴൂർ സോമൻ (എൽ.ഡി.എഫ്)

'വിജയം സുനിശ്ചിതം. ഒമ്പതിൽ എട്ട് പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. 5000 വോട്ടുകൾക്കടുത്ത് ഭൂരിപക്ഷം ലഭിക്കും.

-സിറിയക് തോമസ് (യു.ഡി.എഫ്)


'പീരുമേട്ടിൽ വൻ മുന്നേറ്റം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11833 വോട്ടുകൾ ലഭിച്ചത് 20,000 ആയി വർദ്ധിക്കും. എല്ലാ പഞ്ചായത്തുകളിലും മുന്നേറ്റം ഉണ്ടാകും."
- ശ്രീനഗരി രാജൻ (എൻ.ഡി.എ)