പച്ചക്കാനത്ത് വോട്ട് ചെയ്തത് 5 പേർ
ഇടുക്കി: ജില്ലയിലെ ആകെയുള്ള 10 വിദൂര ബൂത്തുകളിലും ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു. 58.69 ശതമാനം വോട്ടാണ് ഇവിടങ്ങളിലാകെ രേഖപ്പെടുത്തിയിരിക്കുന്നത്. 5870 സമ്മതിദായകരിൽ വോട്ട് ചെയ്യാനെത്തിയതാകട്ടെ 3445 പേരും. ഇതിൽ 1553 പേർ സ്ത്രീകളാണ്. കൊവിഡും താഴെ തട്ടുകളിലേക്ക് പ്രപചാരണം എത്താത്തതുമാണ് വോട്ട് കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇന്നലെ ഉച്ചയ്ക്ക് 12ന് ഇടമലക്കുടിയിൽ നിന്നുള്ള അവസാന സംഘം മൂന്നാർ എൻജിനീയറിംഗ് കോളേജിൽ മടങ്ങിയെത്തിയതോടെയാണ് ജില്ലയിലെ വോട്ടെടുപ്പ് അവസാനിച്ചത്.
കേരളത്തിലെ തന്നെ ഏറ്റവും ചെറിയ പോളിംഗ് ബൂത്തുകളിലൊന്നായ പച്ചക്കാനം ബൂത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തത് അഞ്ച് പേർ. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്. പോളിംഗ് ശതമാനം 17.24. പീരുമേട് മണ്ഡലത്തിൽപ്പെട്ട ബൂത്തിൽ ആകെയുള്ളത് 29 വോട്ടർമാരാണ്. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബൂത്ത് കുമളി പഞ്ചായത്തിലെ തേക്കടി വാർഡിന്റെ ഭാഗമാണ്. ഇവിടെ എത്തണമെങ്കിൽ വള്ളക്കടവ്- വണ്ടിപ്പെരിയാർ വഴി 35 കിലോമീറ്റർ സഞ്ചരിക്കണം. പ്രദേശത്തെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തമിഴ് വംശജരാണ് പച്ചക്കാനം ബൂത്തിലെ വോട്ടർമാർ. ഓരോ തവണയും വോട്ടർമാരുടെ എണ്ണം കുറയുന്ന പ്രവണതയാണ് ഇവിടെയുള്ളത്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ വോട്ടർമാരായ 37 പേരിൽ ആറുപേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാകട്ടെ ആകെയുള്ള 32 വോട്ടർമാരിൽ ഒമ്പത് പേരാണ് വോട്ട് ചെയ്തത്. തുടർച്ചയായി വോട്ടർമാരുടെ എണ്ണം കുറയുമ്പോഴും പുതുതായി ഒരു വോട്ടർ പേര് ചേർത്തുവെന്ന പ്രത്യേകതയും പച്ചക്കാനം ബൂത്തിനുണ്ട്.