തൊടുപുഴ: മുട്ടത്ത് വീടിനുള്ളിൽ വൃദ്ധ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മുട്ടം ഊളായനിയിൽ സരോജനിയുടെ (72) മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശാഖാ പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിൽ കെ.എ. സന്തോഷ് (ചെയർമാൻ), വി.ബി. സുകുമാരൻ (സെക്രട്ടറി), ഡോ. കെ. സോമൻ, വി. ജയേഷ് (രക്ഷാധികാരികൾ) എന്നിവരടങ്ങുന്ന ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സരോജനിയുടെ കൂടെ താമസിച്ചിരുന്ന സഹോദരിയുടെ മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് മരണത്തിൽ വ്യക്തത വരുത്തണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്കും നിയമപോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി. യോഗത്തിൽ തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ്, വൈസ് ചെയർമാൻ ഡോ. കെ. സോമൻ, മുട്ടം ശാഖാ പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി വി.ബി. സുകുമാരൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ്, മുട്ടം ശാഖാ വൈസ് പ്രസിഡന്റ് കെ.എം. സജീവൻ, മറ്റ് യൂണിയൻ ഭാരവാഹികൾ, വനിതാസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.