തൊടുപുഴ: പതിനേഴുകാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ ലീഗ് നേതാവിന്റെ മകനടക്കം പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. മാർച്ച് 31ന് ഇടവെട്ടി വനംഭാഗത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ഫുട്‌ബോൾ കളിക്കാൻ പോയതിന് ചെലവായ 130 രൂപ നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം. മറ്റ് രണ്ട് പേർ വീഡിയോ എടുത്തു. തലയിലുൾപ്പടെ ക്രൂരമായ മർദ്ദനമേറ്റ പതിനേഴുകാരൻ പേടി കാരണം ആദ്യം വീട്ടിൽ പറഞ്ഞില്ല. പിന്നീട് അസഹീനമായ വേദന വന്നപ്പോഴാണ് വീട്ടിൽ പറഞ്ഞതും വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയതും. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങൾ മർദ്ദന ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു. പ്രതികൾക്ക് 16 വയസുണ്ട്. ഇവർക്കെതിരെ ജെ.ജെ ആക്ട് പ്രകാരം കേസെടുത്തു. സി.ഡബ്ല്യു.സിക്കും പരാതി നൽകിയിട്ടുണ്ട്.