തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും പറഞ്ഞു. ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പാമാണെന്ന് വിളംബരം ചെയ്യുന്ന ആഘോഷ തിമിർപ്പാണ് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ദൃശ്യമായത്.

ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം നിയോജക മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർത്ഥികളായ അഡ്വ. ഇ എം ആഗസ്തി, സിറിയക്ക് തോമസ്, ഡി കുമാർ, എന്നിവർ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ ജോർജ്ജ് പൂന്തോട്ടം മുഖാന്തിരം സമർപ്പിച്ച ഹർജിയിലെ ഉത്തരവ് പ്രകാരം ബോർഡർ ചെക്കു പോസ്റ്റുകളിൽ കേന്ദ്രസേനയെ വിന്യസിച്ച് ഇരട്ട വോട്ടുള്ളവരുടെ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള നുഴഞ്ഞ് കയറ്റം കർശനമായി തടഞ്ഞതോടെ ഇരട്ട വോട്ടിന്റേയും കള്ളവോട്ടിന്റേയും പിൻബലത്തിൽ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന ഇടതു മുന്നണിയുടെ വ്യാമോഹമാണ് തകർന്നടിഞ്ഞത്.

ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവ്വ കക്ഷി യോഗ തീരുമാനം അട്ടിമറിച്ച് കേരളത്തിലെ മറ്റു 13 ജില്ലകളിലും വസ്തു ഉടമസ്ഥർ അനുഭവിക്കുന്ന അവകാശങ്ങൾ ഇടുക്കി ജില്ലയിലെ ജനങ്ങൾക്കു മാത്രം നിഷേധിച്ച സംസ്ഥാന സർക്കാർ മാപ്പ് അർഹിക്കുന്നില്ല. കഴിഞ്ഞ 5 വർഷമായി തുടർച്ചയായി ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ കുറിപ്പാകും തെരഞ്ഞെടുപ്പ് ഫലം.