തൊടുപുഴ: പൊള്ളുന്ന ചൂടും സഹിച്ച് ഒരു മാസത്തോളം നീണ്ട പ്രചാരണ കോലാഹലങ്ങളും വോട്ടെടുപ്പ് ദിനത്തിന്റെ സമ്മർദ്ദങ്ങളുമെല്ലാം മറികടന്ന സ്ഥാനാർത്ഥികൾക്കും മുന്നണി നേതാക്കൾക്കും ഇനി 23 ദിവസങ്ങൾ കൂടി കാത്തിരിപ്പിന്റെ പകലിരവുകൾ. വോട്ടെല്ലാം പെട്ടിയിലായെങ്കിലും സ്ഥാനാർത്ഥികൾക്ക് ഇരിക്കപൊറുതിയില്ല. ബൂത്ത് തലം മുതൽ പാർട്ടി നടത്തുന്ന അവലോകനയോഗങ്ങളിൽ സജീവമാണ് എല്ലാവരും. കൂട്ടലിനും കിഴിക്കലിനുമിടയിൽ അടിയൊഴുക്കുകൾ ഉണ്ടാകുമോയെന്നാണ് മുന്നണികൾ ഭയക്കുന്നത്. ഭരണതുടർച്ചയെന്ന ആത്മവിശ്വാസത്തിൽ നിന്ന് അണുവിട പിന്നോട്ടുപോകാത്ത ഇടതുമുന്നണി ജില്ലയിൽ അഞ്ച് സീറ്റിൽ തങ്ങളുടെ സംഘടനാ ശേഷി പരമാവധി ഉപയോഗിച്ചുള്ള മത്സരം കാഴ്ചവച്ചു. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാനാകാതെ പോയടതടക്കമുള്ള വിവിധ ഘടകങ്ങൾ തങ്ങൾക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിക്ക് കാരണമായ ശബരിമല പ്രതിപക്ഷം ഉയർത്തിയത് എത്രത്തോളം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടറിയണം. ജോയ്സ് ജോർജിന്റെ രാഹുലിനെതിരായ വിവാദ പരാമർശം ചെറിയ രീതിയിലാണെങ്കിലും ദോഷം ചെയ്യുമെന്നാണ് നിഗമനം. ജില്ലയിൽ പ്രതിപക്ഷമുയർത്തിയ പട്ടയഭൂമിയിലെ നിർമാണനിരോധനമടക്കമുള്ള വിഷയങ്ങൾ കാർഷികമേഖലയിലെ പരമ്പരാഗത വോട്ടിൽ ചോർച്ചയുണ്ടാക്കിയിട്ടുണ്ടോയെന്ന് ഫലം വന്നാലെ പറയാനാകൂവെന്ന് നേതാക്കൾ പറയുന്നു. ജോസ് കെ. മാണി വിഭാഗം വന്നതും ഭരണവിരുദ്ധ വികാരമില്ലാത്തതും നേട്ടമാകുമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
ജില്ലയിലെ കോൺഗ്രസിനും ഘടകക്ഷികൾക്കും ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ അവസ്ഥലയല്ലെന്ന് നേതാക്കൾക്കെല്ലാമറിയാം. എൽ.ഡി.എഫിനെ പോലെ കേഡർ സംവിധാനമല്ലാത്തതിനാൽ വോട്ടുകൾ ഏതൊക്കെ വഴി ചോരുമെന്ന് കൃത്യമായി പറയാനാകാത്ത ആശങ്ക യു.ഡി.എഫിലുണ്ട്. സ്ഥാനാർത്ഥികളായി സംവരണ സീറ്റായ ദേവികുളമൊഴിച്ചുള്ള മറ്റ് നാല് മണ്ഡലങ്ങളിൽ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം പരിഗണിച്ചതിൽ മറ്റ് വിഭാഗങ്ങളിൽ എതിർപ്പുണ്ട്. ഇത് എൻ.ഡി.എയ്ക്കോ എൽ.ഡി.എഫിനോ അനുകൂലമാകുമോ എന്ന ആശങ്കയുണ്ട്. ജില്ലയിലെ പ്രബല ഘടകക്ഷിയായിരുന്ന ജോസ് കെ. മാണി വിഭാഗം വിട്ടുപോയത് ഹൈറേഞ്ചിലെ ചില മണ്ഡലങ്ങളിലെങ്കിലും സാരമായി ബാധിക്കും. ശബരിമല വിഷയം പരമാവധി പ്രചാരണത്തിൽ ഉപയോഗിച്ചെങ്കിലും പൂർണ ഗുണം കിട്ടുമോയെന്ന് കണ്ടറിയണം. പട്ടയഭൂമിയിലെ നിർമാണ നിരോധന വിഷയത്തിൽ ഹർത്താലടക്കം നടത്തിയത് കാർഷികമേഖലയിൽ മെച്ചമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇത്തവണ ശബരിമല വിഷയമടക്കം ഇരു മുന്നണികൾക്കുമെതിരായ ജനവികാരം തങ്ങൾക്ക് അനുകൂലമായി ഉണ്ടാകുമെന്നാണ് എൻ.ഡി.എ കരുതുന്നത്. തൊടുപുഴയിലടക്കം ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്ന് പറയുന്ന നേതൃത്വം ജയസാധ്യതയും തള്ളിക്കളയുന്നില്ല.
സ്ത്രീകൾ ആർക്കൊപ്പം
ജില്ലയിലെ വനിതാ വോട്ടർമാരുടെ മനം ആർക്കൊപ്പമാണെന്ന ആശങ്കയിലാണ് മുന്നണികൾ. രാഷ്ട്രീയത്തിനപ്പുറം തങ്ങളെയും കുടുംബത്തെയും ബാധിക്കുന്ന വിഷയങ്ങളായിരിക്കും സ്ത്രീകൾ മുൻഗണന നൽകുക. പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്ന തങ്ങൾക്കായിരിക്കും ഇവർ വോട്ട് ചെയ്തതെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധം സ്ത്രീവോട്ടുകൾ അനുകൂലമാക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട് എൻ.ഡി.എ. കുടുംബിനികൾക്കും യുവതികൾക്കും വരുമാനമുണ്ടാക്കുന്ന തരത്തിലുള്ള പദ്ധതികൾ മുന്നോട്ട് വച്ചതും തൊഴിലുറപ്പ് പദ്ധതി തുടങ്ങിയതുമെല്ലാം സ്ത്രീകൾ തങ്ങൾക്ക് വോട്ടുകളായി മടക്കി നൽകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.