തൊടുപുഴ: കൊവിഡിന് മുമ്പ് അവസാനമായി ഷാഹിന മുതലക്കോടം എസ്.എച്ച് സ്കൂളിന്റെ ഗേറ്റ് കടന്നെത്തിയത് നടന്നായിരുന്നു എത്തിയത്. പക്ഷേ, ഇന്നലെ അവൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതാനെത്തിയത് വീൽ ചെയറിലായിരുന്നു. മൂന്ന് വർഷം മുമ്പ് വരെ ക്ലാസിലെ മിടുമിടുക്കി കുട്ടിയായിരുന്നു ഷാഹിന. എട്ടാം ക്ലാസിൽ ഓണപരീക്ഷാ സമയത്തെത്തിയ ഒരു ചുമയാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്. ആ നിറുത്താതെയുള്ള ചുമയ്ക്ക് കാരണം ലുക്കീമിയ വിത്ത് ഐ.ടി.പിയെന്ന ഇന്ത്യയിൽ തന്നെ നാല് പേർക്ക് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള അർബുദ രോഗമാണെന്ന് തിരുവനന്തപുരം ആർ.സി.സിയിൽ നിന്നാണ് അറിയുന്നത്. നട്ടെല്ലിൽ നിന്നുള്ള പ്ലേറ്റ്‌ലെറ്റുകളെ ശരീരം സ്വയം നശിപ്പിക്കുന്ന അസുഖം. പിന്നീടുള്ള ജീവിതം ആശുപത്രികളിലായിരുന്നു. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തിരുന്ന ഷാഹിനയുടെ പിതാവ് ഷാജഹാനും ഭാര്യ സൽമയും പിന്നെ മകളുടെ കൂടെ നിന്ന് മാറിയിട്ടില്ല. രണ്ട് വർഷത്തോളം ആർ.സി.സിയിലെ ചികിത്സയ്ക്ക് ശേഷം കാൻസർ ഒരുവിധം ഭേദമായി. എന്നാൽ കീമോയടക്കം ചെയ്തതിന്റെ ഭാഗമായി ശരീരത്തിലാകമാനമുള്ള അസ്ഥികൾക്ക് തേയ്മാനം സംഭവിച്ചു. ഇടുപ്പിലെ അസ്ഥിയുടെ ഭൂരിഭാഗവും തേഞ്ഞ് ഇല്ലാതായതോടെ കഴിഞ്ഞ ഒരു വർഷമായി ഷാഹിന വീൽചെയറിലാണ്. ശസ്ത്രക്രിയയിലൂടെ ഇടുപ്പ് മാറ്റി വയ്ക്കുക മാത്രമാണ് പോംവഴി. ഇതിനിടയിലാണ് എസ്.എസ്.എൽ.സി പരീക്ഷയെത്തുന്നത്. സ്കൂളിലെ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിധികയാണ് പരീക്ഷയെഴുതാൻ സഹായിച്ചത്. കീമോ ചെയ്തതിന്റെ ഭാഗമായി ഓർമകുറവുണ്ടെങ്കിലും നന്നായി പരീക്ഷയെഴുതാനായെന്ന ആത്മവിശ്വാസത്തിലാണ് ഷാഹിന. പ്ലസ്ടു വിദ്യാർത്ഥിയായ അൽത്താഫ് സഹോദരനാണ്. തൊടുപുഴ അൽ- അസ്ഹർ കോളേജിലാണ് ഇപ്പോൾ ചികിത്സിക്കുന്നത്. പരീക്ഷയ്ക്ക് ശസ്ത്രക്രിയ നടത്താമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അതിന് ശേഷം ശ്രമിച്ചാൽ രണ്ട് മൂന്ന് വർഷം കൊണ്ട് ഷാഹിനയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞേക്കും. കാൻസറിന്റെ ചികിത്സയ്ക്കും മറ്റുമായി ഇതിനകം 50 ലക്ഷത്തോളം രൂപ ചെലവായി. മകളോടൊപ്പം ഇരിക്കേണ്ടതിനാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന തൊടുപുഴ കുമ്പംകല്ല് അന്തീനാട്ട് ഷാജഹാൻ ഇപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. വീടും പുരയിടവുമടക്കം കടത്തിലായ ഈ പിതാവ് പണം സ്വരൂപിക്കാനുള്ള ഓട്ടത്തിലാണ്. സുമനസുകളുടെ സഹായംകൊണ്ടാണ് ഇപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
ഷാജഹാൻ എ.ബി
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തൊടുപുഴ ശാഖ
അക്കൗണ്ട് നമ്പർ: 121711100000405
ഐ.എഫ്.എസ്.സി- UBIN0812170