തൊടുപുഴ: 2020-21 വർഷത്തെ പദ്ധതി നിർവഹണത്തിൽ 116.4% തുകയും ചിലവഴിച്ച് തൊടുപുഴ ബ്ലോക്ക്പഞ്ചായത്ത് സംസ്ഥാനതലത്തിൽ നാലും ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ബഡ്‌ജറ്റ് വിഹിതമായി അനുവദിച്ച 2.46 കോടി രൂപയ്ക്ക് പുറമേ അധിക വിഹിതമായി ലഭിച്ച 40 ലക്ഷം രൂപ കൂടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയാണ് തൊടുപുഴ ബ്ലോക്ക്പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. അംഗൻവാടി,​ പകൽ വീട്, ​റോഡുകൾ, ​ചെക്ക്‌ഡാമുകൾ എന്നിവയുടെ നിർമ്മാണം,​ വിവിധ കുടിവെള്ള പദ്ധതികൾ,​ വനിതാ ക്ഷീരകർഷകർക്ക്കാലിത്തീറ്റ സബ്സിഡി വിതരണം, നെൽകൃഷിക്ക് കൂലിച്ചിലവ്,​ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ​മുച്ചക്രവാഹന വിതരണം,​ ലൈഫ്, ​പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് വിഹിതം നൽകൽ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ മേഖലയിൽപ്പെട്ട ആളുകൾക്കും പ്രയോജനപ്രദമായ പദ്ധതികളാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്നടപ്പിലാക്കിയത്. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒറ്റക്കെട്ടായ പ്രവർത്തനം കൊണ്ടാണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ട്രീസ ജോസ് അറിയിച്ചു.