തൊടുപുഴ: വീട്ടിൽ കാലങ്ങളായി സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് നാല് പേർ. തൊടുപുഴ സ്വദേശി റിന്റുരാജ്, ഉപ്പുതറ സ്വദേശി സുജുമോൻ, കെ. ചപ്പാത്ത് സ്വദേശി ജയറാം, വണ്ണപ്പുറം സ്വദേശി അബീഷ് എന്നിവരെയാണ് വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. 16.5 കിലോയോളം തൂക്കമുള്ള ആനക്കൊമ്പുകളും കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. റിന്റുരാജിന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതായി കേന്ദ്ര വൈൽഡ് ലൈഫ് ബ്യൂറോ ഇന്റലിജൻസ് സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചില്ല് കൂട്ടിലിട്ട് അലങ്കാരത്തിന് സൂക്ഷിച്ചിരുന്ന കൊമ്പുകളാണിത്. വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ബാക്കി മൂന്ന് പേർ കൊമ്പുകൾ വാങ്ങാനായി എത്തിയതാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെയും കൊമ്പും തൊടുപുഴ റേഞ്ച് ഓഫീസർക്ക് കൈമാറി.