തൊടുപുഴ: കശാപ്പ് കത്തി കൊണ്ട് സഹോദരനെ കുത്തി കൊന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മണക്കാട് കോലടി മാളിയേക്കൽ വീട്ടിൽ സുരേഷിനെയാണ്(54) തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി എൽസമ്മ ജോസഫ് കുറ്റക്കാരനെന്ന് കണ്ടൈത്തിയത്. സഹോദരൻ രാജേഷിനെയാണ് (38) ഇയാൾ കൊലപ്പെടുത്തിയത്. രാജേഷിന്റെ ഏഴ് വയസുകാരൻ മകളുടെ മുമ്പിൽ വെച്ചായിരുന്ന കൊലപാതകം. വെള്ളിയാഴ്ച ശിക്ഷ വിധിക്കും.
2014 ആഗസ്റ്റ് 27ന് വൈകിട്ട് ഏഴിനായിരുന്നു സംഭവം. തറവാട്ടു വീട്ടിലാണ് സുരേഷും രാജേഷും താമസിച്ചിരുന്നത്. ഇവരുടെ അമ്മയും രാജേഷിന്റെ ഭാര്യയും കുട്ടികളും ഇവിടെത്തന്നെയാണ് താമസിച്ചിരുന്നത്. സുരേഷ് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഇത് ചോദിക്കാൻ സുരേഷിന്റെ മുറിയിലെത്തിയ രാജേഷ്, വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന് സുരേഷിനോട് ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിൽ സുരേഷ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കശാപ്പ് കത്തി ഉപയോഗിച്ച് രാജേഷിനെ പല തവണ കുത്തുകയായിരുന്നു. രാജേഷിന്റെ ഏഴ് വയസുകാരൻ മകൾ ഈ സമയം മുറിയിലുണ്ടായിരുന്നു. ഈ കുട്ടിയുടെയും രാജേഷിന്റെ ഭാര്യയുടെയും അയൽവാസികളുടെയും മൊഴികൾ നിർണായകമായി. സാഹചര്യ തെളിവുകളും പ്രതിക്ക് എതിരായിരുന്നു. പ്രതിയുടെ അമ്മയും സഹോദരനും സഹോദരീ ഭർത്താവും സാക്ഷികളായിരുന്നെങ്കിലും വിചാരണ സമയത്ത് കൂറുമാറി. അക്കാലത്ത് തൊടുപുഴ സി.ഐ.മാരായിരുന്ന സജി മാർക്കോസ്, ഷാജു ജോർജ്, എസ്.ഐ നാരായണൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.