നെടുങ്കണ്ടം: വോട്ട് ചെയ്യാൻ തമിഴ്‌നാട്ടിലേക്കു പോയ തോട്ടം തൊഴിലാളി കുടുംബത്തിന്റെ വീട്ടിൽ മോഷണം. 15 പവൻ സ്വർണവും 6500 രൂപയും കവർന്നു. ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടുമ്പൻചോല വള്ളറക്കുംപാറയിലെ എസ്റ്റേറ്റ് സൂപ്പർവൈസറായ ധർമന്റെ വീട്ടിലാണ് മോഷണം നടന്നത്. അഞ്ചിന് വോട്ട് ചെയ്യാൻ ധർമനും കുടുംബവും തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. വോട്ട് ചെയ്ത ശേഷം ഇന്നലെയാണ് ധർമൻ തിരികെയെത്തിയത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ഉടുമ്പൻചോല പൊലീസും ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഉടുമ്പൻചോല സി.ഐ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.