തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷയൊരുക്കാൻ ഇടുക്കിയിലെത്തിയ രണ്ട് കമ്പനി കേന്ദ്രസേനകളിൽ ഒന്ന് തമ്പടിച്ചത് തൊടുപുഴ എ.പി.ജെ. അബ്ദുൽകലാം ഗവ. എച്ച്.എസ് സ്കൂളിലായിരുന്നു. 91 പേരടങ്ങുന്ന ആ സംഘം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും മുമ്പ് സ്കൂളും പരിസരവുമെല്ലാം ശുചീകരിച്ചു. ചുറ്റും പൂചെടികൾ വച്ചു പിടിപ്പിച്ചു, കൂടാതെ സ്കൂൾ മുറ്റത്ത് ഒരു ചാമ്പ മരവും നട്ടു. സുരക്ഷയോടൊപ്പം പ്രകൃതിയോടുള്ള കരുതലിെന്റയും ഓർമമരം കൂടിയായിരുന്നു അത്. കൊച്ചി തുറമുഖ ട്രസ്റ്റ് ക്യാമ്പിൽ നിന്ന് നിയോഗിക്കപ്പെട്ട 91 പേരടങ്ങിയ സി.ഐ.എ.എസ്.എഫ് സംഘത്തിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. കമാന്റർ എറണാകുളം പറവൂർ സ്വദേശി സി.വി. നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മാർച്ച് 28നാണ് തൊടുപുഴയിലെത്തിയത്. വിവിധ സ്‌കൂളുകളിലെ പോളിങ് ബൂത്തുകളിലായിരുന്നു ഡ്യൂട്ടി. തൊടുപുഴയിലുള്ളവരുടെയും സ്കൂൾ ജീവനക്കാരുടെയും ഇടപെടലിൽ പൂർണ സംതൃപ്തരായാണ് സംഘം മടങ്ങിയത്.