തൊടുപുഴ: കൊവിഡ് പശ്ചാത്തലത്തിലുള്ള എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിലെ മലയാളം വിഷയം അത്ര എളുപ്പമായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ. എങ്കിലും ഓൺലൈൻ പഠനത്തിന് ശേഷം എഴുതിയ പരീക്ഷയെന്ന നിലയിൽ അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് അദ്ധ്യാപകർ പറയുന്നു. മലയാളം കേരള പാഠാവലി പരീക്ഷയാണ് ഇന്നലെ നടന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30വരെയായിരുന്നു പരീക്ഷ. ആദ്യത്തെ 20 മിനിട്ട് കൂളിംഗ് സമയമായിരുന്നു. കലാലയത്തിലെത്തിയുള്ള പഠനം നടത്താനാവാതെ ഓൺലൈനായി വീട്ടിലിരുന്നായിരുന്നു ഈ വർഷത്തെ പഠനം നടന്നത്. ഇത് കുട്ടികളിലും ഒപ്പം രക്ഷിതാക്കളിലും ഏറെ ആശങ്ക ഉളവാക്കിയിരുന്നു.
40 മാർക്കിന്റെ പരീക്ഷയിൽ 25 ചോദ്യങ്ങളാണ് ആകെ ഉണ്ടായിരുന്നത്. സ്‌കൂൾ കവാടത്തിൽവച്ച് സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷമാണ് കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പിന്നീട് തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് പരീക്ഷാഹാളിലേക്ക് കയറ്റിയത്. ഇന്ന് ഹിന്ദി പരീക്ഷ നടക്കും.