തൊടുപുഴ: മേത്തൊട്ടി പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ആകുന്നില്ല. പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും മറ്റ് വിവിധ ഏജൻസികളുടെയും നിരവധി പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല.കുടിവെള്ളത്തിന്റെ പേരിൽ അനുവദിച്ച ഫണ്ടുകൾ കൊണ്ട് ചിലർക്ക ചില ഗുണങ്ങൾ ലഭിച്ചു എന്നല്ലാതെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായില്ല.മലമുകളിലെ നീരുറവകളിൽ നിന്ന് കിലോമീറ്ററുകളോളം പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം ശേഖരിച്ചാണ് ഇവിടുത്തുകാർ ഇപ്പോഴും ദിവസങ്ങൾ തള്ളി നീക്കുന്നത്.ഇവിടെയുള്ള കൂലിപ്പണിക്കാരായ ജനങ്ങൾ പണികൾ അവസാനിച്ച് വൈകുന്നേരങ്ങളിൽ വെള്ളം ശേഖരിക്കാൻ എത്തുമ്പോൾ നാമമാത്രമായ നീരുറവകളും വറ്റുംവേനൽ കടുത്തതോടെ നീരുറവകൾ പൂർണ്ണമായും വറ്റി വരണ്ട് പ്രദേശവാസികളായ കുടുംബക്കാർ കുടിവെള്ളത്തിന് വേണ്ടി പരക്കം പായുന്ന അവസ്ഥയാണ് നിവിലുള്ളത്.
വെറുതെ കുറേ
പദ്ധതികൾ
പഞ്ചായത്ത്,വാട്ടർ അതോരിറ്റി,ജലനിധി,ജില്ലാ പഞ്ചായത്ത് തുടങ്ങിയ അധികൃതർ ഓരോ ഘടങ്ങളിലും പ്രദേശത്ത് കുടിവെള്ള പദ്ധതികൾക്ക് വേണ്ടി ഫണ്ട് അനുവദിക്കും.എന്നാൽ ചില പദ്ധതികളുടെ തുടക്കവും അവസാനവും ആരും അറിയാറില്ല.മറ്റ് ചിലത് ആരംഭിച്ചാൽ തന്നെ പൂർത്തീകരിക്കുന്നതിന് മുൻപ് അവസാനിക്കും.കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുന്ന പദ്ധതികൾ ഏതാനും ദിവസങ്ങൾക്കകം പ്രവർത്തന രഹിതമാവുകയും ചെയ്യും.കൃത്യമായ പ്ലാനിങ്ങില്ലാതെ എന്തൊക്കെയോ തട്ടിക്കൂട്ടി പണികൾ നടത്തുന്നതല്ലാതെ പ്രദേശവാസികൾക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല.ജില്ലയിൽ പ്രധാനപ്പെട്ട ആദിവാസി കോളനികളിൽ ഒന്നാണ് വെള്ളയമറ്റം പഞ്ചായത്ത് പ്രദേശത്തുള്ള മേത്തൊട്ടി കോളനി.ഇവിടെ മുന്നൂറിലേറെ കുടുംബങ്ങളാണ് വസിക്കുന്നത്.ലക്ഷങ്ങൾ ചിലവിട്ട് പടിഞ്ഞാറേ മേത്തൊട്ടിയിൽ വലിയകുളവും സംഭരണിയും സ്ഥാപിച്ച് ഇവിടെയുള്ള കുടികളിലേക്ക് പൈപ്പിട്ട് കുടിവെള്ള വിതരണം വർഷങ്ങൾ മുൻപ് ആരംഭിച്ചിരുന്നു.എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പൈപ്പ് പൊട്ടി ജല വിതരണം തടസ്സപ്പെട്ടു.ഇതിനെ തുടർന്ന് പുതിയ മോട്ടർ സ്ഥാപിച്ച് വെള്ളം പമ്പിങ്ങ് നടത്തി. ഇതേ തുടർന്ന് മറ്റ് പൈപ്പുകളും പൊട്ടി നശിച്ചതല്ലാതെ ജനത്തിന് പ്രയോജനം ലഭിച്ചില്ല.
ജപ്പാൻ പദ്ധതിയിൽ
പ്രതീക്ഷ...
മേത്തൊട്ടിക്കാരുടെ രക്ഷക്കായി വന്നിട്ടുള്ള പുതിയ പദ്ധതിയായ ജപ്പാൻ കുടിവെള്ള പദ്ധതിയിലാണ് പ്രദേശവാസികളുടെ പ്രതീക്ഷ.പുതിയ പദ്ധതിയുടെ ഭാഗമായി മേത്തൊട്ടി വരെ പൈപ്പ് സ്ഥാപിച്ചെങ്കിലും സംഭരണി നിർമ്മിച്ചിരിക്കുന്നിടം വരെ എത്തിയിട്ടില്ല.പ്രധാനമന്ത്രി സഡക് യോജന പ്രകാരം നിർമ്മിച്ച റോഡിനരികിലൂടെവേണം പൈപ്പിടേണ്ടത്.ഇതിന് അധികൃതരിൽ നിന്ന് അനുമതി കിട്ടാത്തതാണ് തടസമെന്ന് പറയപ്പെടുന്നു.800 മീ. ദൂരത്തിൽ പൈപ്പിടാനുള്ള അനുമതി ലഭിക്കണം.ഈ വേനൽ അവസാനിച്ച് അടുത്ത വേനൽക്കാലത്തെങ്കിലും ജപ്പാൻ കുടി വെള്ളം കിട്ടണേ.. എന്നാണ് നാട്ടുകാരുടെ പ്രാർത്ഥന.