തൊടുപുഴ: കൊവിഡ് 19 പ്രതിരോധ ചികിത്സ, കോവിഡ് അനന്തര ചികിത്സ തുടങ്ങിയ പദ്ധതികളുമായി ഇടുക്കി ജില്ല ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആയുർരക്ഷാ ക്ലിനിക്കുകൾ പ്രവർത്തിച്ചുവരുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ളവർക്ക് പ്രതിരോധ ഔഷധങ്ങളും നിർദ്ദേശങ്ങളും നൽകുന്നുണ്ട്.കൊവിഡ് 19 ബാധിച്ച് ഗുരുതര അവസ്ഥയിൽ അല്ലാത്ത രോഗികൾക്ക് ഔഷധങ്ങൾ, മറ്റ് ചികിത്സാ നിർദ്ദേശങ്ങൾ തുടങ്ങിയവ നൽകുന്നു.

കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയ ശേഷം ഉണ്ടാകുന്ന ശാരീരികമാനസിക പ്രശ്‌നങ്ങൾക്ക് ഔഷധം, യോഗ, ലഘുവ്യായാമ മുറകൾ എന്നിവയിലൂടെയുള്ള പരിഹാരവും ലഭ്യമാക്കുന്നുണ്ട്.

കൂടാതെ അറുപത് വയസ്സിൽ താഴെയുള്ളവർക്ക് അത്യാവശ്യം പ്രതിരോധ ഔഷധങ്ങളും വ്യായാമ മുറകളും നിർദ്ദേശിക്കുന്ന സൗഖ്യം പദ്ധതിയും 60 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ ചികിത്സയുമായി സുഖായുഷ്യം പദ്ധതിയും കഴിഞ്ഞ ഒരു വർഷത്തോളമായി ആയുർരക്ഷാ ക്ലിനിക്കുകൾ വഴി നടന്നുവരുന്നുണ്ട്. 66459 പേർക്ക് വരെ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴി വിവിധ പദ്ധതികളുടെ പ്രയോജനം നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ മുഖേന സൗജന്യമായി നൽകുന്ന രോഗപ്രതിരോധ ചികിത്സാ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.