ചെറുതോണി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാൽവരി മൗണ്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വനംവകുപ്പിന്റെ ഇക്കോടൂറിസം വിഭാഗമാണ് ഇവിടെ സന്ദർശകരെ നിയന്ത്രിക്കുന്നത്. കാൽവരിമൗണ്ടിലേക്ക് കയറ്റിവിടുന്നതിന് ഒരാളിൽ നിന്നും 25 രൂപ ഫീസുവാങ്ങുന്നുണ്ട്. എന്നാൽ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കാൻ അധീകൃതർ തയ്യാറാകുന്നില്ല. ദിവസേന ശരാശരി അഞ്ഞൂറോളം ആളുകളെത്തുന്നുണ്ട്. പൊതുഅവധി ദിവസങ്ങളിലും, ശനി, ഞായർ ദിവസങ്ങളിലും സന്ദർശകർ ആയിരത്തിലധികമാകും. കാൽവരിമൗണ്ടിലെത്തിയാൽ സദാസമയം വീശുന്നകാറ്റ് സന്ദർശകർക്ക് ഏറെ ഹൃദ്യമായ അനുഭവമാണ്. ഏറെ ഉയരത്തിലായതിനാൽ ഇടുക്കി ജലാശയവും ഇതിനോടുചേർന്നുള്ള വനവും കാട്ടുമൃഗങ്ങളെയും ഇവിടെ നിന്നാൽ കാണാൻ കഴിയും. കൂടാതെ ഇടുക്കിയിലെ തന്നെ വിവിധ പ്രദേശങ്ങളും കാണാൻ കഴിയും. വൈകുന്നേരങ്ങളിൽ സൂര്യാസ്ഥമയവും രാവിലെ സുരോദയവും ഭംഗിയായി കാണാൻ കഴിയും. ഇത്രയധികം സന്ദർശകർ ഇവിടെയെത്തുന്നുണ്ടെങ്കിലും ഇവർക്കാവശ്യമായ യാതൊരു സൗകര്യവും ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുകയാണ്. . പ്രവേശന കവാടം മുതൽ വഴി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴയെത്തും വെയിലത്തും കറയിനിൽക്കാൻ സൗകര്യങ്ങളില്ല. സന്ദർശകർക്കാവശ്യമായ പൊതുശൗചാലയങ്ങളോ ഭക്ഷണം കഴിക്കാനാവശ്യമായ സൗകര്യങ്ങളോ ഇവിടെയില്ല.
കാൽവരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രമാകുമെന്ന പ്രതീക്ഷയിൽ നിരവധിപ്പേർ കോട്ടേജുകളും ലോഡ്ജുകളും പണിതിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച രീതിയിൽ വിജയിച്ചിട്ടില്ല. കേരളത്തിനകത്തുനിന്നും പൂറത്തുനിന്നും വിദേശികൾവരെയിവിടെ എത്തുന്നുണ്ടെണങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം ആരും രാത്രിയിൽ ഇവിടെ താമസിക്കാൻ തയ്യാറാകുന്നില്ല. ടൂറിസത്തിലൂടെ മാത്രമേ പ്രദേശത്തിന്റെ വികസനം സാദ്ധ്യമാവുകയുള്ളു. അതിനാൽ കാൽവരിമൗണ്ടിലെത്തുന്ന വിനോദസഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് പ്രദേശവാസികളാവശ്യപ്പെടുന്നു.