കരിമണ്ണൂർ: ഉടുമ്പന്നൂർ, കരിമണ്ണൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ഉടുമ്പന്നൂർ പന്നൂർ പഴയിടത്ത് സണ്ണിയുടെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കറവയുള്ള മറ്റൊരു ആടിനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. വീടിനുസമീപത്തെ പുരയിടത്തിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് ഇവയുടെ ശല്യം വർദ്ധിക്കാൻ കാരണം. സമീപനാളിൽ നിരവധിപ്പേരുടെ ആടുകളെ തെരുവ്‌നായ്ക്കൾ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ കശാപ്പുകേന്ദ്രങ്ങൾ, ഇറച്ചിവില്പന ശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാംസാവശിഷ്ടങ്ങളാണ് കഴിക്കുന്നത്. ഇതുമൂലം ഇവയ്ക്ക് ആക്രമണസ്വഭാവം കൂടുതലാണ്.
പ്രഭാതസവാരിക്കിറങ്ങുന്നവരെയും ഇരുചക്രവാഹനയാത്രക്കാരെയും തെരുവ്‌നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. കരിമണ്ണൂർ ടൗൺ, പള്ളിജംഗ്ഷൻ, കുരുമ്പുപാടം, തട്ടക്കുഴ, പന്നൂർ പ്രദേശങ്ങളിലെല്ലാം നാൾക്കുനാൾ തെരുവ്‌നായ ശല്യം വർധിച്ചുവരികയാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കളെ നിയന്ത്രണമില്ലാതെ അഴിച്ചുവിടുന്നുതും നാട്ടുകാർക്ക് ഭീഷണിയായി മാറുന്നുണ്ട്.