തൊടുപുഴ: കടലാസിന്റെ ക്ഷാമവും അടിയ്ക്കടി ഉണ്ടാകുന്ന പേപ്പറിന്റെ വിലവർദ്ധനവും അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയതായി കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.. കൊവിഡിനെത്തുടർന്ന് ഏറെനാളായി പ്രസ്സുകൾ നഷ്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത് ആർട്ട് പേപ്പറിന് കടുത്ത ക്ഷാമവും വലിയ വില വർദ്ധനവുമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് സാധാരണ പേപ്പറിന്റെ വിലയും നിത്യേന കൂടുകയാണ്. സർക്കാർ ഇടപെട്ട് സത്വര നടപടി എടുത്തില്ലെങ്കിൽ പ്രിന്റിങ്ങ് വ്യവസായം കൂടുതൽ തകർച്ചയിലേക്ക് നീങ്ങും. ലോക്ഡൗണിനുശേഷം ഭൂരിഭാഗം ഉത്സവങ്ങളും പൊതുപരിപാടികളും പുനരാരംഭിക്കാത്തതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാലും അച്ചടിശാലകൾ നാമമാത്രമായാണ് പ്രവർത്തിക്കുന്നത്. ഈ പ്രതിസന്ധിമൂലം തൊടുപുഴ മേഖലയിൽ തന്നെ നാല് പ്രസ്സുകൾ അടച്ചുപൂട്ടി. കടലാസ്സിന്റെ വില വർദ്ധനവും ക്ഷാമവും പരിഹരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ മേഖല പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി ജോസ് മീഡിയ, ട്രഷറർ മനിൽ തോമസ്, സംസ്ഥാന ഭാരവാഹി ബിജി കോട്ടയിൽ, ബിനു വിക്ടറി, പോൾസൻ ജെമിനി എന്നിവർ ആവശ്യപ്പെട്ടു.