മൂലമറ്റം: കനാലിൽ വീണുള്ള അപകടം ഒഴിവാക്കാൻ കെഎസ്ഇബി പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കനാലും പരിസരവും സന്ദർശിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പൊതു ജനങ്ങളിൽ നിന്ന് അവർ ചോദിച്ചറിഞ്ഞു. മൂലമറ്റത്തെ പവ്വർ ഹൗസിൽനിന്ന് വൈദ്യുതി ഉത്പ്പാദിപ്പിച്ചശേഷം പുറംതള്ളുന്ന കനാലിൽ ഇറങ്ങുന്നവർക്ക് ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് മൂലമറ്റത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികൾ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് പരാതി നൽകിയിരുന്നു.ഇതേ തുടർന്നാണ് അധികൃതരുടെ സന്ദർശനം. സുരക്ഷാ നിർദ്ദേശങ്ങൾ പൊതു ജനങ്ങളിൽ നിന്ന് അവർ ചോദിച്ചറിഞ്ഞു.എന്നാൽ കനാലിൽ കുളിക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ നിയമപരമായി ആരെയും അനുവദിക്കാൻ കഴില്ലെന്നും അത് വൈദ്യുത നിലയത്തിന് സുരക്ഷാ ഭീഷണിയുണ്ടാക്കും എന്നുമാണ് കെ എസ് ഇ ബി അധികൃതരുടെ നിലപാട്. കനാലിന് ഇരുവശവും സുരക്ഷാ വേലി സ്ഥാപിക്കുക. തൂക്കുപാലങ്ങൾ തീർത്ത് ഇരുകരകളേയും ബന്ധിപ്പിക്കുക.പാർക്ക്, നടപ്പാത ഉൾപ്പെടെ സ്ഥാപിച്ച് പ്രവേശന പാസ് ഏർപ്പെടുത്തുക.സുരക്ഷാ ജീവനക്കാരെ നിയമക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ആവിഷ്‌ക്കരിച്ചെങ്കിലേ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകൂ. ഈ പദ്ധതി നടപ്പാക്കാൻ വൈദ്യുതവകുപ്പിന് തുടക്കത്തിൽ വൻതുക ഇതിനായി ചിലവഴിക്കേണ്ടി വരുമെന്നതാണ് പ്രധാന പ്രശ്‌നം. താൽക്കാലികമായി വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതും കനാലിൽ വടം കെട്ടിയുടുന്നതുമുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ വന്നെങ്കിലും ഇവ നടപ്പാക്കിയാൽ കൂടുതൽ പേർ കനാലിൽ ഇറങ്ങാൻ ഇടയാക്കുമെന്നും ഇത് അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് കെഎസ്ഇബിക്ക്. കനാൽ സംരക്ഷണത്തിനായി കെഎസ്ഇബിക്കൊപ്പം പഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. ജനപ്രതിനിധികൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നാൽ കനാൽ സംരക്ഷണ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നും ഇവർ പറയുന്നു