രാജകുമാരി: കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പവർഹൗസിനു സമീപം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തു. നായയെ പുലി പിടിച്ചതാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. നായയുടെ തല ഒഴികെയുള്ള ഭാഗങ്ങൾ പൂർണമായും തിന്നുതീർത്ത അവസ്ഥയിലാണ്. പവർഹൗസിനു സമീപം പാറക്കെട്ടിനു മുകളിൽ രണ്ടുമാസം മുൻപ് പുലിയെ നാട്ടുകാർ കണ്ടതായി പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അന്ന് പുലിയെ കണ്ടെത്താനായില്ല. പുലി ഇവിടെനിന്ന് മറ്റേതെങ്കിലും ഭാഗത്തേക്ക് പോയി എന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം. വീണ്ടും പുലിയുടെ സാന്നിധ്യമുണ്ടായതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്.
വാർഷിക പൊതുയോഗം
കട്ടപ്പന: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ ഉദ്ഘാടനംചെയ്തു. ജില്ല നിരീക്ഷകൻ ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. സണ്ണി പള്ളിയിൽ, ജോസ് വടക്കേടത്ത്, ടി.ജെ. മാത്യു, സജീവ് നായർ, പി.എസ്. സലിം തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എസ്. ആൻബുരാജ് പ്രസിഡന്റ്, നജീബ് ഇല്ലത്തുപറമ്പിൽ ജനറൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.