 കഴിഞ്ഞവട്ടം ചീറ്റിപ്പോയ വിഷുകച്ചവടം തിരികെ പിടിക്കാൻ പടക്ക വിപണി

തൊടുപുഴ: കഴിഞ്ഞ വർഷം കൊവിഡ് മൂലം നനഞ്ഞ പടക്കം പോലെയായ വിഷുക്കച്ചവടം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ പടക്ക വ്യാപാരികൾ. കൊവിഡ് വിറപ്പിച്ച കഴിഞ്ഞ വിഷുക്കാലത്ത് ഒരു രൂപയുടെ വരുമാനം പോലും ലഭിച്ചിരുന്നില്ല. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. വാങ്ങിയ പടക്കങ്ങളിൽ ഭൂരിഭാഗവും കേടുവരുകയും നിർമ്മാതാക്കൾ തിരിച്ചെടുക്കാതിരിക്കുകയും ചെയ്‌തതോടെ നഷ്ടം ഭീമമായി. ക്രിസ്മസ്, പുതുവത്സര കച്ചവടവും വലിയ തോതിൽ ലഭിച്ചില്ല. വർഷത്തിൽ ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കുന്നത് വിഷുവിനാണ്. കഴിഞ്ഞ സീസണിലെ നഷ്ടം ഇത്തവണയുണ്ടാകില്ലെന്ന വിശ്വാസമാണ് പടക്ക കച്ചവടക്കാർക്കുള്ളത്. കാരണം പടക്കങ്ങളില്ലാത്ത വിഷുക്കാലത്തെക്കുറിച്ച് ഇനി ഒരുവട്ടം കൂടി മലയാളികൾക്ക് ചിന്തിക്കാനാകില്ല.

വിഷു മുന്നിൽ കണ്ട് മാർച്ച് അവസാന ആഴ്ചയിൽ തന്നെ ശിവകാശിയിൽ നിന്ന് ജില്ലയിലേക്ക് പടക്കമെത്തിയിരുന്നു. 18 ശതമാനം ജി.എസ്.ടി അടച്ചാണ് ശിവകാശിയിൽ നിന്ന് പടക്കം വാങ്ങുന്നത്. പറവൂരും അങ്കമാലിയിലും പടക്കം നിർമിക്കുന്നുണ്ടെങ്കിലും ശിവകാശി പടക്കത്തിന് തന്നെയാണ് ഇപ്പോഴും കൂടുതൽ ഡിമാൻഡ്. നിശ്ചിത തുകയ്ക്ക് പടക്കവും കമ്പിത്തിരിയും പൂത്തിരിയുമെല്ലാമെടങ്ങുന്ന കിറ്റും തയ്യാറാക്കുന്നുണ്ട്. പടക്കങ്ങൾക്ക് മുൻ വർഷത്തെക്കാൾ 15 ശതമാനം വില വർദ്ധനയുണ്ട്. ട്രാൻസ്‌പോർട്ടിംഗ് ചാർജ് വർദ്ധിച്ചതും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും വില വർദ്ധനവിന് കാരണമായതായി മേഖലയിലുള്ളവർ പറയുന്നു.

പടക്ക നിർമാണത്തിനും വിൽപനയ്ക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ചില താത്കാലിക കച്ചവടശാലകൾ തലപൊക്കുന്നത് അംഗീകൃത കച്ചവടക്കാർക്ക് വിനയാണ്.

ശബ്ദമല്ല കാഴ്ചയാണ് പ്രധാനം

ശബ്ദത്തേക്കാൾ വർണങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചൈനീസ് ടെക്നോളജിയിലുള്ള ഇന്ത്യൻ നിർമിത പടക്കങ്ങൾക്ക് തന്നെയാണ് ഇത്തവണയും ആവശ്യക്കാരേറെ. ചൈനീസ് പൂക്കുറ്റി, ചൈനീസ് ഫ്ളവർ ഷോട്ട്, മൾട്ടി കളർ ഔട്ട്, ബട്ടർഫ്ളൈ എന്നീ പടക്കങ്ങളാണ് ഇത്തവണ വിപണി കീഴടക്കുന്നത്. വിപണിയിൽ സ്ഥിര സാന്നിധ്യങ്ങളായ ശബ്ദമുള്ള പടക്കങ്ങളിലും നിലചക്രം, കമ്പിത്തിരി, പൂക്കുറ്റി, മത്താപ്പ് തുടങ്ങിയവയിലും നിർമാതാക്കൾ ഇത്തവണ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രണ്ടു മിനിറ്റോളം ആഘോഷ തിമിർപ്പ് നിറയ്ക്കുന്ന മേശപ്പൂവാണ് വിപണിയിലെ കൗതുകം. നിറങ്ങൾക്കും പ്രകാശത്തിനും പ്രാധാന്യം നൽകുന്ന വിവിധ ഇനങ്ങൾ വിപണയിലുണ്ട്.

'ഇത്തവണ നല്ല കച്ചവടം കിട്ടുമെന്നാണ് പ്രതീക്ഷ. ശിവകാശിയിൽ നിന്നാണ് കൂടുതൽ പടക്കം വിൽപനയ്ക്ക് എത്തിച്ചിട്ടുള്ളത്. വലിയ ശബ്ദമില്ലാത്ത വർണപ്പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ. ലൈസൻസില്ലാതെ വഴിയരികിലും മറ്റും വിഷുവെത്തുമ്പോൾ ആരംഭിക്കുന്ന കച്ചവടം നിരോധിക്കേണ്ടതാണ്."

- തോമസ് ചക്കാട്ടിൽ (ത്രീ സ്റ്റാർ ഏജൻസിസ്)