തൊടുപുഴ: ഏത് ജോലിയും ഏറ്റെടുത്ത് നടത്താനാള്ള മനസുറപ്പുണ്ടെങ്കിൽ അവസരങ്ങൾ ഏറെയുണ്ട്, അത് കണ്ടെത്തി ഏറ്റടുത്ത് ഉപജീവനത്തിനുള്ള അവസരമാക്കുന്നതിലാണ് വിജയമെന്നതിന്റെ നേർ സാക്ഷ്യമാണ് ലീലാമണിയെന്ന അൻപത്തിനാല് കാരി. അറക്കുളം പഞ്ചായത്തിന്റെ സ്വന്തം ആക്രി വ്യാപാരിയാണ് ഹരിതകർമ്മ സേനാംഗമായ കുളമാവ് ഇടീപ്പറമ്പിൽ ലീലാമണി. ഹരിതകർമ്മ സേനയ്ക്ക് മാത്രമല്ല, സ്വന്തം നിലയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും നല്ലൊരു പാഠപുസ്തകമായി മാറിക്കഴിഞ്ഞു.
അറക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ 12ാം വാർഡിന്റെ ചുമതലയാണ് ഈ ഹരിതകർമ്മ സേനാംഗത്തിനുള്ളത്.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആക്രിസാധനങ്ങൾ വിലയ്‌ക്കെടുക്കുന്ന വ്യക്തിഗത കുടുംബശ്രീ സംരംഭം നടത്തുകയാണ് ലീലാമണി. മുടക്കുമുതലൊന്നുമില്ലാതെയാണ് ഇതിന് തുടക്കമിട്ടത്.
ഓരോ ഹരിതകർമ്മ സേനാ യൂണിറ്റുകളും കൺസോർഷ്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടുചേർന്നോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സർക്കാർ നിർദ്ദേശമാണ് ലീലാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.തയ്യൽ അറിയാവുന്നതിനാൽ ടെയ്‌ലറിംഗ് ഷോപ്പാണ് ലീലാമണി സ്വപ്‌നം കണ്ടത്. അത് തുടങ്ങാൻ വായ്പയ്ക്ക് ശ്രമിച്ചു. നടന്നില്ല.ആ നിരാശയിൽ കഴിയവെ സ്വന്തം വീട് പൊളിച്ച സാധനങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ പോയി.അപ്പോഴാണ് വീടുകളിൽ നിന്നും ആക്രി ശേഖരിച്ച് വിൽപ്പന നടത്തുകയെന്ന ആശയം ഉദിച്ചത്. അപ്പോൾത്തന്നെ മൂലമറ്റത്തെ ആക്രി വ്യാപാരിയുമായി ഇക്കാര്യം സംസാരിച്ചു. ശേഖരിക്കുന്ന സാധനങ്ങൾ എടുത്തുകൊള്ളാമെന്ന് അദ്ദേഹം സമ്മതിച്ചു.എല്ലാവിധ ആക്രി സാധനങ്ങളും വാങ്ങാൻ തുടങ്ങി. വെറുതെയല്ല, മാർക്കറ്റ് വില കൊടുത്ത്.
പേപ്പറുകളും കളിപ്പാട്ടങ്ങളും പാട്ട,തകിട്, കേടായ ഗൃഹോപകരണങ്ങളും പാഴ് വസ്തുക്കളെല്ലാം നാട്ടുകാർ ലീലാമണിയ്ക്കായി കരുതിവെച്ചു. ഫോണിൽ വിളിച്ച് എപ്പോൾ വരാനാകുമെന്ന് ചോദിക്കുന്ന നിലയാണിപ്പോൾ.
ആരേയും ആശ്രയിക്കാതെ പ്രതിമാസം സകല ചെലവുകളും കഴിഞ്ഞ് 8000 രൂപയോളം വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ടെന്ന് ലീലാമണി പറയുന്നു. ഏതാണ്ട് എട്ടുമാസമായി ഈ ബിസിനസ് തുടങ്ങിയിട്ട്. സാം സ്‌ക്രാപ് ഷോപ്പ് എന്നാണ് സംരംഭത്തിന്റെ പേര്.
വീടുകളും കടകളുമൊക്കെയായി വാർഡിൽ 562 ഓളം ഇടങ്ങളിൽ ഹരിതകർമ്മ സേനാംഗമെന്ന നിലയിൽ പോകുന്നതിനായി മാസം 10 ദിവസം വേണ്ടി വരും. ബാക്കി ദിനങ്ങളിലാണ് ആക്രി വ്യാപാരിയുടെ വേഷമണിയുന്നത്.