ചെറുതോണി: പ്ളാമലയിൽ കർഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസ്, സെക്രട്ടറി എൻ.വി. ബേബി എന്നിവർ പറഞ്ഞു. എസ്റ്റേറ്റ് ഉടമയ്‌ക്കെതിരായ കോടതി വിധിയുടെ മറവിൽ സാധാരണ കർഷകരെ കുടിയിറക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ല. അറുപതിലധികം കർഷകരാണ് പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുപോരുന്നത്. വനാതിർത്തികൾ സംബന്ധിച്ച തർക്കമുണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്ത് പരിഹരിച്ചശേഷം മാത്രമേ ഏതെങ്കിലും വിധത്തിലുള്ള നടപടികൾ സ്വീകരിക്കാവൂ എന്ന് വനം , വൈദ്യുതി മന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ തീരുമാനിച്ചിട്ടുള്ളതാണ്. എന്നാൽ ഈ ധാരണ മറികടന്നാണ് ഇപ്പോൾ വനം വകുപ്പ് ജണ്ട സ്ഥാപിക്കലിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് പൂർണ്ണ അധികാരമുള്ള സർക്കാർ നിലവിലില്ല എന്ന സാഹചര്യം മുതലെടുത്താണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അഴിഞ്ഞാടുന്നത്. കുടിയേറ്റ കർഷകർക്കെതിരായ ഒരു നീക്കവും അനുവദിക്കില്ല. കർഷകരുടെമേൽ ഉദ്യോഗസ്ഥർ നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് കർഷക സംഘം നേതാക്കൾ പറഞ്ഞു.