തൊടുപുഴ: ഒരു വർഷത്തെ ലോക്ക് ഡൗൺ ഇടവേളയ്ക്ക് ശേഷമെത്തിയ വിഷുവിനെ ഗംഭീരമാക്കാൻ പൊതുജനം എല്ലാം മറന്നിറങ്ങി. വിഷുവിന് പച്ചക്കറി, പലചരക്ക്,​ പടക്കമുൾപ്പടെയുള്ള സാധനങ്ങൾ വാങ്ങാനും കടകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തുണിക്കടകളിലും തിരക്ക് കുറവല്ല. വിഷു ആഘോഷിക്കാൻ പൊതുഇടങ്ങളിലേക്കെത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ റോഡുകളിൽ ഗതാഗത തിരക്കും ഏറി. വരും ദിവസങ്ങളിൽ തിരക്ക് ഇനിയും കൂടുമെന്നാണ് കരുതുന്നത്. രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് ജില്ലയിൽ മൂന്ന് ദിവസമായി കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെങ്കിലും ഏറെ നാളുകൾക്ക് ശേഷം വിപണി ഉണരുന്നതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ. ആളില്ലാതിരുന്ന പച്ചക്കറി വിപണിയും വിഷുവായതോടെ ഉഷാറായിത്തുടങ്ങി. പച്ചക്കറികൾക്ക് വിലയും അൽപ്പം ഉയർന്നിട്ടുണ്ട്. മിക്കവയ്ക്കും കിലോയ്ക്ക് 5 രൂപ മുതൽ 15രൂപ വരെ കൂടിയിട്ടുണ്ട്.

നാളെ മുതൽ കണി വയ്ക്കാനുള്ള കൊന്നപ്പൂവടക്കം വിപണിയിലെത്തും അവധിക്കാലമായതിനാൽ തൊടിയിലെ കൊന്നപ്പൂക്കൾ പറിച്ച് വീടുകൾതോറും നൽകുന്ന കുട്ടിക്കൂട്ടങ്ങളുണ്ട്. പോക്കറ്റുമണി സ്വരൂപിക്കലാണ് ഇവരുടെ ലക്ഷ്യം.

കണി കാണാൻ വെള്ളരി റെഡി

കണ്ണനോടൊപ്പം കണികാണാൻ സ്വർണവർണമാർന്ന വെള്ളരി വിപണിയിലെത്തി. തുടുത്തുമിനുത്ത കണിവെള്ളരികൾക്ക് 30രൂപ മുതലാണ് വില. അരക്കിലോ മുതൽ രണ്ടുകിലോ വരെ വലുപ്പമുള്ള കണിവെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. ലോക്ക് ഡൗൺ കാരണം കഴിഞ്ഞ വിഷുവിന് വിളവെടുത്ത വെള്ളരി ഏറെ നഷ്ടം സഹിച്ചാണ് കർഷകർ വിപണിയിൽ എത്തിച്ചത്. വേനൽ മഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാകും. മഴകൊണ്ടാൽ മൂത്ത വെള്ളരിയടക്കം പൊട്ടി നശിച്ചപോകും. മുൻ വർഷത്തെ അപേക്ഷിച്ച് സമയംതെറ്റി പെയ്ത മഴയും കടുത്ത വേനലും കൃഷിയെ സാരമായി ബാധിച്ചിരുന്നു. വിഷുവിന്റെ വരവറിയിച്ച് വീടിന്റെ ഉമ്മറത്ത് കണിവെള്ളരി തൂക്കിയിടുന്ന ശീലം മലയാളിക്കുണ്ടായിരുന്നു. കണിയൊരുക്കുന്നതിലും കണിക്കൊന്നയോളം പ്രാധാന്യം കണിവെള്ളരിക്കുമുണ്ട്‌.