മുട്ടം: തീ പൊള്ളലേറ്റ് തോട്ടുങ്കര ഊളാനിയിൽ (കപ്പയിൽ - 75) സരോജിനി മരിച്ച സംഭവത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുട്ടം എസ് എൻ ഡി ശാഖയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു.കഴിഞ്ഞ 31ന് വെളുപ്പിന് 3 നാണ് സരോജിനിയെ വീട്ടിൽഗ്യാസ് അടുപ്പിൽനിന്നും തീ പടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് സരോജിനിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരി പുത്രൻ അടിമാലി വരകിൽ സുനിലിനെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ സംഭവത്തിൽ ഇയാളെ പിറ്റേന്ന് പൊലീസ് വിട്ടയച്ചു.സംഭവത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 7 ന് എസ് എൻ ഡി പി മുട്ടം ശാഖയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നത്.മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി,എം.പി, എം എൽ എ,ഡി ജി പി,കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് ജനകീയ ഒപ്പ് ശേഖരം നടത്തി നിവേദനം കൊടുക്കാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു.കെ എ സന്തോഷ് ചെയർമാനും വി ബി സുകുമാരൻ കൺവീനറുമായി ജനകീയ കമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ കെ ബിജു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലം പറമ്പിൽ, അരുൺ പൂച്ചക്കുഴി, ജോസ് കടത്തലാക്കുന്നേൽ,ടി കെ മോഹനൻ,ടി എം റഷീദ്,പരീത് കാനാപ്പുറം,വേണുഗോപാൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.