മൂന്നാർ: മലയോര മേഖലയിലെ കർഷകർക്കും തോട്ടം തൊഴിലാളികൾക്കും വേണ്ടി മുൻ നിരയിൽ നിന്ന് പോരാടിയ നേതാവായിരുന്നു സി .എ കുര്യൻ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മൂന്നാർ എ.ഐ.റ്റി.യുസി ഓഫീസിൽ നടന്ന സി എ കുര്യൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങളിലെല്ലാം ദീർഘ വീക്ഷണത്തോടെ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. തോട്ടം വ്യവസായം പ്രതിസന്ധിയെ നേരിട്ട അവസരങ്ങളിലെല്ലാം തോട്ടം മേഖലയെ സംരക്ഷിക്കുന്നതിനും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാതിരിക്കാനും തോട്ടം തൊഴിലാളി നേതാവെന്ന നിലയിൽ സി എ കുര്യൻ നിർവ്വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പിറന്ന നാടിനെ ഉപേക്ഷിച്ച് ശിഷ്ടകാലം മുഴുവൻ മലയോര നാട്ടിലെ തൊഴിലാളികൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവായിരുന്നു സി എ കുര്യനെന്നും കാനം രാജേന്ദ്രൻ അനുസ്മരിച്ചു.
എ.ഐ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ .ഉദയഭാനു അദ്ധ്യക്ഷനായിരുന്നു. എ.ഐ.റ്റിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി വി .ബി. ബിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,സംസ്ഥാന കൺട്രോൾ കമ്മീഷനംഗം മാത്യു വർഗീസ്,സംസ്ഥാന കൗൺസിലംഗം സി .എ. ഏലിയാസ്,വാഴൂർ സോമൻ,പി മുത്തുപാണ്ടി, പി പളനിവേൽ,അഡ്വ. എബി .ഡി .കോലോത്ത് എന്നിവർ സംസാരിച്ചു. എം .വൈ. ഔസേഫ് നന്ദി പറഞ്ഞു.