തൊടുപുഴ: ജില്ലയിൽ ഇതുവരെ കൊവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. ആരോഗ്യ പ്രവർത്തകർ, മറ്റ് കൊവിഡ് മുന്നണി പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ജില്ലയിൽ ഇതുവരെ ഒരു ലക്ഷത്തിലേറെ പേർക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. സർക്കാർ മേഖലയിൽ 40ഉം സ്വകാര്യ മേഖലയിൽ 11ഉം ഉൾപ്പെടെ 51 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കാൻ ബോധവത്കരണമടക്കം നടത്തും. ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾ, ആഫീസുകൾ, എസ്റ്റേറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകൾ നടത്തും. ഇതോടൊപ്പം കൊവിഡ് പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിക്കും. വാക്‌സിനേഷൻ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് സഞ്ചരിക്കുന്ന വാക്‌സിനേഷൻ യൂണിറ്റുകൾ കൂടി കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതായുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കുകയാണ്. ആരോഗ്യവകുപ്പും പൊലീസും ജില്ലാ ഭരണകൂടവുമാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പരിശോധന കർശനമാക്കി പൊലീസ്
കൊവിഡ് നിയന്ത്രണത്തിെന്റ ഭാഗമായ പരിശോധനകൾ ജില്ലയിൽ പൊലീസ് ശക്തമാക്കി. മാസ്‌ക് ധരിക്കാത്തവർക്കെതിരെയും നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടുന്നവർക്കെതിരെയും സാമൂഹിക അകലം ഉറപ്പാക്കാത്ത പരിപാടികൾക്കെതിരെയും കർശന നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സ്വീകരിച്ച പ്രതിരോധ നടപടികൾ വീണ്ടും കൈക്കൊള്ളാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

291 പേർ കൊവിഡ്

ജില്ലയിൽ ഇന്നലെ 291 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 77 പേർ കൊവിഡ് രോഗമുക്തി നേടി.